ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി

By Web TeamFirst Published Nov 21, 2019, 6:54 AM IST
Highlights
  • ഗുരുതരമായ കണ്ടെത്തലുകളാണ് അക്കൗണ്ടന്‍റ് ജനറലിന്‍റെ പരിശോധന റിപ്പോർട്ടിലുള്ളത്
  • നടപടി ആവശ്യപ്പെട്ട് പലതവണ എജി നൽകിയ കത്തുകളും പൂഴ്ത്തി
  • വിജിലൻസ് അന്വേഷണം ഒഴിവാക്കാൻ കൂടിയാണ് ഇത്തരം റിപ്പോ‍ർട്ടുകൾ ഉദ്യോഗസ്ഥർ ഇല്ലാതാക്കുന്നത്

ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തുന്ന അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഡിറ്റ് റിപ്പോർട്ട് ജല അതോറിറ്റിയിലെ ഉന്നതർ ഇടപെട്ട് പൂഴ്ത്തി. കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് മുൻപുള്ള ട്രയൽ റൺ മുതൽ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. വകുപ്പ് തല അന്വേഷണം നടത്തണമെന്ന എജിയുടെ നിർദേശവും അട്ടമറിക്കപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ഗുരുതരമായ കണ്ടെത്തലുകളാണ് അക്കൗണ്ടന്‍റ് ജനറലിന്‍റെ പരിശോധന റിപ്പോർട്ടിലുള്ളത്. ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുന്നത് 2017 മാർച്ച് ആറിന്. പദ്ധതിയുടെ മൂന്നാം റീച്ചിൽ കരാറുകാരൻ ഉപയോഗിച്ചത് ടൈം ടെക്നോ പ്ലാസ്റ്റ്, പർമാ പ്ലാസ്റ്റ് എന്നീ കമ്പനികളുടെ പൈപ്പുകൾ. ഇതിൽ ഒന്നരകിലോമീറ്ററിൽ സ്ഥാപിച്ച പർമാ പ്ലാസ്റ്റ് കമ്പനിയുടെ പൈപ്പുകൾ പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് നടത്തിയ ട്രയൽ റണ്ണിൽ പോലും പൊട്ടി. എന്നാൽ ഇത് മറച്ചുവച്ച് പദ്ധതിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോയി. 

പിന്നീട് തുടർച്ചയായ പൈപ്പ് പൊട്ടലുണ്ടായി. ഒരു പരിശോധനയും നടത്താതെയാണ് പർമാ പ്ലാസ്റ്റ് കമ്പനിയിൽ നിന്ന് നിലവാരം കുറഞ്ഞ പൈപ്പ് വാങ്ങാൻ കരാറുകാരന് ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

പൈപ്പിന് പൊട്ടലുണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട കരാറുകാരനെ മാറ്റിനിർത്തി ജലഅതോറിറ്റി തന്നെ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തി. കരാറുകാരനെ കൊണ്ട് നിലവാരം കുറഞ്ഞ പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കണം. ജലഅതോറിറ്റിയുടെ കൊല്ലം ജില്ലയിലെ കടപുഴ കുടിവെള്ള പദ്ധതിക്കായും കരാറുകാരൻ പർമാ കമ്പനിയുടെ പൈപ്പുകൾ വാങ്ങിയിട്ടുണ്ട്. അവ അടിയന്തരമായി പരിശോധിക്കണമെന്നും എജി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ 2018 മാർച്ചിൽ ജല അതോറിറ്റി എംഡിക്കും ഉന്നത ഉദ്യോഗസ്ഥനായ ടെക്നിക്കൽ മെമ്പർക്കും നൽകിയ ഓഡിറ്റ് റിപ്പോർട്ട് വെളിച്ചം കണ്ടിട്ടേയില്ല. നടപടി ആവശ്യപ്പെട്ട് പലതവണ എജി നൽകിയ കത്തുകളും പൂഴ്ത്തി. വിജിലൻസ് അന്വേഷണം ഒഴിവാക്കാൻ കൂടിയാണ് ഇത്തരം റിപ്പോ‍ർട്ടുകൾ ഉദ്യോഗസ്ഥർ ഇല്ലാതാക്കുന്നത്.

click me!