അവശനായി വൃദ്ധൻ വീട്ടുതിണ്ണയില്‍; ബന്ധുക്കൾ‌ തിരിഞ്ഞുനോക്കിയില്ല, വാർത്തക്ക് പിന്നാലെ പൊലീസെത്തി ആശുപത്രിലാക്കി

By Web TeamFirst Published Sep 24, 2021, 9:12 PM IST
Highlights

മക്കള്‍ തിരിഞ്ഞു നോക്കാതിരുന്ന നാരായണന്‍ എന്ന എഴുപതുകാരനാണ് വീടിന്‍റെ തിണ്ണയില്‍ അവശ നിലയില്‍ കഴിഞ്ഞത്.  നേരത്തെ പോലീസും ഫയര്‍ ഫോഴ്സുമെത്തി നാരായണനെ ആശുപത്രിയിലേക്ക് മാറ്റാതെ മടങ്ങുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസെത്തി ആശുപത്രിലേക്ക് മാറ്റിയത്.

പാലക്കാട്: കല്പാത്തി ഗോവിന്ദ രാജ പുരത്ത് അവശ നിലയിലായ  വൃദ്ധനെ  പൊലീസെത്തി  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  മക്കള്‍ തിരിഞ്ഞു നോക്കാതിരുന്ന നാരായണന്‍ എന്ന എഴുപതുകാരനാണ് വീടിന്‍റെ തിണ്ണയില്‍ അവശ നിലയില്‍ കഴിഞ്ഞത്.  നേരത്തെ പോലീസും ഫയര്‍ ഫോഴ്സുമെത്തി നാരായണനെ ആശുപത്രിയിലേക്ക് മാറ്റാതെ മടങ്ങുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസെത്തി ആശുപത്രിലേക്ക് മാറ്റിയത്.

ശരീരം തളർന്ന അവസ്ഥയിലായിരുന്നു നാരായണന്‍. ഇദ്ദേഹത്തിന്റെ മകൻ മുംബൈയിലാണ്. മകനെ മാധ്യമപ്രവർത്തകർ ഫോൺ വിളിച്ചിട്ട് എടുത്തില്ല. ബന്ധുക്കളാണ് വീട്ടിൽ താമസിക്കുന്നത്. നോക്കാനാകില്ലെന്നാണ് ബന്ധുക്കൾ പറയുന്നതെന്ന് നാരായണൻ പറഞ്ഞു. ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി വീട്ടുതിണ്ണയിലാണ് കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ, ഇന്നലെ മാത്രമാണ് വൃദ്ധൻ ഇവിടെയെത്തിയതെന്ന് നാട്ടുകാർ പറഞ്ഞതോടെ ആകെ ആശയക്കുഴപ്പമായി.  തളർന്ന അവസ്ഥയിലായതോടെ ഇദ്ദേഹത്തെ ബ്രാഹ്മണസഭ തത്തമം​ഗലത്തെ പാലിയേറ്റിവ് കെയർ സെന്ററിൽ ആക്കിയതാണ്. മകനെ വിളിച്ച് വിവരം പറഞ്ഞിരുന്നതുമാണ്. ഇപ്പോഴത്തേതിലും മോശം അവസ്ഥയിലായിരുന്നു നേരത്തെ വൃദ്ധന്റെ അവസ്ഥ. പാലിയേറ്റിവ് സെന്ററിലുള്ളവരെ ഇദ്ദേഹം ഉപദ്രവിക്കുകയായിരുന്നു. അങ്ങനെ അവർ കയ്യൊഴിഞ്ഞതാണ് എന്നും നാട്ടുകാരിൽ ഒരാൾ പ്രതികരിച്ചു. വളരെ നേരം നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവിലാണ് പൊലീസ് സ്ഥലത്തെത്തി നാരായണനെ ആശുപത്രിയിലെത്തിച്ചത്.  വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും എംല്‍എ ഷാഫിപറന്പിലും നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസും ഇടപെട്ടു.

click me!