Omicron Kerala : ആരോഗ്യപ്രവർത്തകരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ ഇക്ബാൽ

Published : Jan 07, 2022, 05:27 PM IST
Omicron Kerala : ആരോഗ്യപ്രവർത്തകരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ ഇക്ബാൽ

Synopsis

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം വന്നാൽ അത് ആരോഗ്യമേഖലയിൽ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും.  കൊവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം  പുനരാരംഭിച്ച കൊവിഡേതര രോഗചികിത്സയും  അവതാളത്തിലാവും. - ഡോ ബി ഇക്ബാൽ പറയുന്നു

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനകാലത്ത് ആരോഗ്യപ്രവർത്തകരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ ബി ഇക്ബാൽ. ആരോഗ്യപ്രവർത്തകർ രോഗബാധിതരായാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായാൽ അത് ചികിത്സാ സംവിധാനത്തിന്റെ താളം തെറ്റിക്കുമെന്നാണ് മുതിർന്ന ഡോക്ടറുടെ മുന്നറിയിപ്പ്. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസ് വാക്സീൻ എത്രയും പെട്ടന്ന് ലഭ്യമാക്കാൻ നടപടി വേണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു. 

ഡോ ബി ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വർധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാൽ ഒമിക്രോൺ മൂലമുള്ള കൊവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ്മിഷൻ അപകട സാധ്യതാവിഭാഗത്തിൽ പെട്ടവരൊഴികെയുള്ളവർക്ക് വേണ്ടിവരില്ല. ഒമിക്രോൺ ബാധിച്ച മറ്റുള്ളവരെ വീട്ടിൽ തന്നെ പരിചരിക്കാൻ കഴിയും. ഗാർഹിക ചികിത്സയിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ആരോഗ്യപ്രവർത്തക്കുള്ള പരിശീലനപരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാർഹമാണ്.

ഒമിക്രോൺ വ്യാപനകാലത്ത് രണ്ട് വിഭാഗത്തിൽ പെട്ടവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണ്ടിവരും. ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സേവനത്തിൽ നിന്നും മാറിനിൽക്കേണ്ടിവരും. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം വന്നാൽ അത് ആരോഗ്യമേഖലയിൽ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും.  കൊവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം  പുനരാരംഭിച്ച കൊവിഡേതര രോഗചികിത്സയും  അവതാളത്തിലാവും. ആശുപത്രികളിൽ രോഗാണുനിയന്ത്രണ ചിട്ടകൾ  (Infection Control Measures) കർശനമായി പാലിക്കേണ്ടതാണ്. ജനുവരി പത്താം തീയതി ആരംഭിക്കാൻ പോകുന്ന  കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന നൽകി അതിവേഗം പൂർത്തീകരിക്കുക കൂടി ചെയ്താൽ ആരോഗ്യമേഖലയിൽ ഉണ്ടാവാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാൻ കഴിയും. 

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രായാധിക്യമുള്ളവരും, പ്രായം കുറഞ്ഞവരാണെങ്കിലും പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗം തുടങ്ങിയ രോഗമുള്ള അപകടസാധ്യത വിഭാഗത്തിൽ  (Risk Group) പെട്ടവരുമാണ്. അമിതഭാരമുള്ളവരും ഈ വിഭാഗത്തിൽ പെടും എന്നും ഓർക്കുക. ഇവർ സ്വയം നിരീക്ഷണത്തിൽ (Self Quarantine) കഴിയാൻ ശ്രമിക്കേണ്ടതാണ്. അതായത് വളരെ അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്ത് പോവുക,  പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്ക് ധരിക്കുക, ആൾകൂട്ടങ്ങൾ ഒഴിവാക്കുക, വായുസഞ്ചാരമുള്ള മുറികളിൽ മാത്രം സന്നിഹിതരാവുക തുടങ്ങിയ കാര്യങ്ങളിൽ കർശനമായ ശ്രദ്ധകാട്ടേണ്ടതാണ്. ഈ വിഭാഗത്തിൽ പെട്ടവർ വാക്സിനേഷൻ പൂർത്തിക്കാൻ ഇനിയും വൈകരുത്. രണ്ട് ഡോസ് വാക്സിനുമെടുത്തവർ അവർക്കായി നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും ശ്രദ്ധിക്കണം. 

ഇത്തരം കരുതൽ നടപടികൾ സ്വീകരിച്ചാൽ നമുക്ക് തീർച്ചയായും ഒമിക്രോൺ വ്യാപനം മൂലം ഉണ്ടാവാനിടയുള്ള പ്രതിസന്ധികളെയും  അതിജീവിക്കാൻ കഴിയും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്