
കോട്ടയം: നാട് ഓണാഘോഷത്തിലേക്ക് കടന്നതോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും അവധി നൽകി മുന്നണികൾ. ഉത്രാട ദിനമായ ഇന്ന് കാര്യമായ പ്രചാരണ പരിപാടികൾ മൂന്നു മുന്നണികൾക്കും ഇല്ല. പ്രമുഖ മുന്നണി സ്ഥാനാർഥികൾ മൂവരും ഇന്ന് മണ്ഡലത്തിൽ ഉണ്ടാകും. എന്നാൽ വാഹന പ്രചാരണം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ മുന്നണികൾ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കൻമാരും ഓണാഘോഷങ്ങൾക്കു ശേഷമേ പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തൂ. പരസ്യ പ്രചാരണത്തിന് ഓണവധിയെടുത്തെങ്കിലും പരമാവധി വ്യക്തിപരമായ സന്ദർശനങ്ങളിലൂടെ വോട്ടു തേടാനാവും സ്ഥാനാർഥികളുടെ ശ്രമം.
അതേസമയം, പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും പ്രചാരണ അജണ്ടകൾ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മൻചാണ്ടി ഓർമ്മകൾ പുതുപ്പള്ളിയിൽ യുഡിഎഫ് സജീവമാക്കുന്നു. വികസന വിഷയങ്ങളിൽ തന്നെയാകും തുടർന്നും ചർച്ചകളെന്ന് എൽഡി എഫും വ്യക്തമാക്കുന്നുണ്ട്. വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബർ സംഘങ്ങൾ പിൻമാറുന്നില്ല എന്നതാണ് വാസ്തവം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ഒരാഴ്ചയാണ്. എതിരാളിയുടെ അവസാന അടവുകളിലെന്തൊക്കെയെന്നതാണ് മത്സര രംഗത്തുള്ളവരുടെ ആകാംക്ഷ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലെ സഹതാപ വികാരം ഉച്ചസ്ഥായിയിൽ നിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ രംഗത്തിറക്കി അനുകൂല വികാരം ഉറപ്പിക്കുന്നതിൽ യുഡിഎഫ് ആദ്യ ലാപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ലാപ്പിൽ മണ്ഡലത്തിൽ പരിചിത മുഖമായ ജയ്ക്കിന്‍റെ രംഗപ്രവേശവും വികസന വിഷയങ്ങളിലേക്ക് മാറിയ ചർച്ചകളും എൽഡിഎഫ് ക്യാമ്പിനും ഊർജ്ജമായി. വികസന വിഷയത്തിൽ എൽഡിഎഫിന്‍റെ വഴിയെ യുഡിഎഫ് ഒരുവേള ചുവടുമാറിയെങ്കിലും ഉമ്മൻചാണ്ടിയുടെ നാൽപതാം ചരമദിനത്തിലെ സ്മൃതി യാത്രയിലൂടെ മടങ്ങിവന്നിരിക്കുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam