പരസ്പരം ഊഞ്ഞാലാട്ടി വിദ്യാഭ്യാസ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും; ഓണം വാരാഘോഷ ഓഫീസ് തുറന്നു

By Web TeamFirst Published Aug 18, 2022, 10:47 AM IST
Highlights

ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഊഞ്ഞാലിൽ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലിൽ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരുടെ ഊ‍ഞ്ഞാലാട്ടം. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും  ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്.

സപ്തംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്. ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേർന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നില്‍. വൈകാതെ തന്നെ ഇരുവരും പരസ്പരം ഊഞ്ഞാലാട്ടി. 

ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഊഞ്ഞാലിൽ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലിൽ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി. കൊവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. 

തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി മുഹമ്മദ് റിയാസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പറഞ്ഞു. ഇതിനായുള്ള പരിശ്രമത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. പൊതുമരാമത്ത് വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നത്. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!