
പാലക്കാട് : മണ്ണാർക്കാട്ടെ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദിച്ചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന പരാതിയും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും പരിക്കേറ്റവർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
READ MORE ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ് : കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
വിദ്യാർത്ഥികൾക്ക് സംഭവിച്ചത്....
പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചെന്നാണ് പരാതി. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam