
കണ്ണൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയുടെ ക്രമക്കേടെന്ന് ആരോപണം. ഇഷ്ടക്കാർക്ക് വായ്പ നൽകിയും തിരിച്ചടവിന് കൂടുൽ സമയം നൽകിയും ബാങ്ക് പ്രസിഡന്റ് അഴിമതി നടത്തിയെന്നാണ് ആരോപണം. ബാങ്ക് പ്രസിഡണ്ട് കല്ലിങ്കൽ പത്മനാഭനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
2003ലാണ് തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡണ്ടായി കല്ലിങ്കൽ പത്മനാഭനെ നിയമിക്കുന്നത്. നീണ്ട പതിനെട്ട് വർഷമായി പത്മനാഭൻ ബാങ്കിന്‍റെ തലപ്പത്തായതോടെ അഴിമതിയുടെ പരാതികൾ ഒന്നൊന്നായി പുറത്ത് വരാൻ തുടങ്ങി. ബാങ്ക് കെട്ടിട നിർമാണത്തിൽ അഴിമതി കാണിച്ച് ലക്ഷക്കണക്കിന് രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നതായിരുന്നു ആദ്യ ആരോപണം. ഇതിന് പത്മനാഭനെതിരെ വിജിലൻസ് കേസും നിലനിൽക്കുന്നുണ്ട്. സ്വന്തക്കാർക്ക് ആവശ്യാനുസരണം വായ്പകളും വായ്പാ ഇളവും നൽകിയെന്നതായിരുന്നു അടുത്ത ആരോപണം. പ്രസിഡന്റിന്റെ അമ്മയുടെ പേരിലുള്ള വായ്പയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ പലിശയിളവാണ് ബാങ്ക് നൽകിയത്.
ബാങ്ക് തുടങ്ങിയ സ്റ്റുഡൻസ് സ്റ്റോറിന് പിന്നിലും ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. നഷ്ടത്തിലായ സ്ഥാപനത്തിൽ രണ്ട് ജീവനക്കാരെ സ്ഥിരമായി നിയമിച്ചതും ഇഷ്ടക്കാരെ കൈവിടാതിരിക്കാനായിരുന്നു.. എന്നാൽ, ബാങ്കിൽ ക്രമക്കേടുകൾ കണ്ടെത്തി കാലങ്ങളായെങ്കിലും പ്രസിഡന്റിനെതിരെ നടപടിയെടുക്കാൻ ഭരണസമിതിയോ പാർട്ടി നേതൃത്വമോ തയ്യാറായിരുന്നില്ല. ഈ ആരോപണങ്ങളൊക്കെ നിലനിൽക്കെയായിരുന്നു പാർട്ടി കല്ലിങ്കൽ പത്മനാഭനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനാക്കിയതും. ക്രമക്കേടുകളിൽ പാർട്ടിയും പങ്കു പറ്റിയെന്ന് സിപിഎം ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam