കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് അധിക തുക, എല്ലാ ജില്ലകൾക്കും ഒരു കോടി വീതം, കൂടുതല്‍ വാക്‌സീൻ

By Web TeamFirst Published Aug 16, 2021, 8:19 PM IST
Highlights

കേരളം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി കൊവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി  വീണാജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തി. 

തിരുവനന്തപുരം: അടിയന്തിര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം കൊവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി നേരത്തെ അനുവദിച്ച 267.35 കോടി രൂപക്ക് പുറമെയാണിത്. കേരളം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി കൊവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജുമായും ചര്‍ച്ചകള്‍ നടത്തി. 

ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം അനുവദിക്കുന്നത്. 
കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും കേന്ദ്രം ഉറപ്പാക്കും.
ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണം. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!