
തിരുവനന്തപുരം: കണ്ണൂരിലും പാലക്കാടും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാഘാതം സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മരിച്ചത് . രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ നിഗമനം. വെൽഡിങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് മടങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശൂപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
കണ്ണൂര്‍ ഉളിക്കലിൽ യുവാവിന് സൂര്യാതപമേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി അബിൻ ജോസിനാണ് വീട്ടിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കുന്നതിനിടെ പൊള്ളലേറ്റത്. പ്രാഥികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പാലക്കാട് പെരുവെമ്പിൽ 12വയസുകാരന് സൂര്യാതപമേറ്റ് പൊള്ളലേറ്റു. തെക്കേപനംകുറ്റിയിൽ ദീക്ഷിത്. എസ് (12) നാണ് പൊള്ളലേറ്റത്. കഴിഞ്ഞയാഴ്ച പുറത്ത് കളിക്കാനിറങ്ങിയപ്പോൾ മുതൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാണിച്ചപ്പോഴാണ് സൂര്യാതാപമേറ്റതാണ് എന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ കഴുത്തിന് ചുറ്റുമാണ് പൊള്ളൽ. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപ നില രേഖപ്പെടുത്തിയത്. 39.9 ഡിഗ്രി സെൽസ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ 37.6 ഡിഗ്രി സെൽസ്യസ് ആയിരുന്നു താപ നില. പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷസേനയത്തി തീയണച്ചു. പുക വരുന്നത് കണ്ട് നാട്ടുകാരാണ് കാർ നിർത്താൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam