
വയനാട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു പ്രതികൂടി പിടിയിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിനെയാണ് വയനാട്ടിലെ കൽപ്പറ്റയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രാജ്യത്തിൻ്റെ പലയിടങ്ങളിൽ ഒളിച്ചുതാമസിച്ച് കൽപറ്റയിലെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കുണ്ടായിത്തോട് പ്രവർത്തിച്ച സമാന്തര ടെലഫോൺ എക്സേഞ്ചിന് പിന്നിലുണ്ടായിരുന്നത് അബ്ദുൾ ഗഫൂറാണ്. മുഖ്യപ്രതി ഷബീറുമായുള്ള ഇടപാടിൻ്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പാളയത്ത് ബിനാഫെ എന്ന പേരിലുളള ഇയാളുടെ ഓഫീസിലേക്കായിരുന്നു വ്യാജ സിം കാർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമെത്തിച്ചത്.
ബെംഗളൂരു സമാന്തര എക്സേഞ്ച് കേസിലെ പ്രധാന പ്രതി ഇബ്രാഹിം ഉൾപ്പടെ രണ്ടു പേർ കോഴിക്കോട്ടെ കേസിലും നേരത്തെ പിടിയിലായിരുന്നു. നെതർലാൻഡിൽ നിന്ന് സെർവർ വാങ്ങിയാണ് പ്രതികൾ എക്സേഞ്ച് നടത്തിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. ഇയാളുടെ ഇരുചക്രവാഹനമുൾപ്പടെ കണ്ടെടുത്തു. വിവരങ്ങളടങ്ങിയെ ലാപ് ടോപ്പിനായുളള തെരച്ചിൽ തുടരുകയാണ്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് 40 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2007 മുതൽ കമ്പ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിലാണ് പ്രതികൾ സമാന്തര എക്സേഞ്ച് നടത്തിയത്. കഴിഞ്ഞവർഷം ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.
കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ പരിശോധന, 10 കോടി വില മതിക്കുന്ന തിമിംഗല ഛർദി പിടികൂടി, 3 പേര്‍ അറസ്റ്റിൽ
കാസർകോട്ട് 10 കോടി രൂപ വില വരുന്ന തിമിംഗല ഛർദിയുമായി മൂന്നു പേർ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശികളായ സിദ്ദിഖ്, നിഷാന്ത്, കോട്ടോടി സ്വദേശി ദിവാകരൻ എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽ നിന്നാണ് പത്ത് കിലോ തിമിംഗല ഛർദിയുമായി ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിഷാന്ത്, സിദീഖ് എന്നിവർ കർണാടകയിൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവാകരൻ ഇടനിലക്കാരനാണ്. ലോഡ്ജിൽ മുറിയെടുത്ത് വിൽപ്പനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികൾ പൊലീസ് വലയിലായത്. ഹൊസ്ദുർഗ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam