
തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം നീങ്ങുമ്പോൾ, പുതുതലമുറയെ പോളിംഗ് ബൂത്തിലേക്ക് ആകർഷിക്കാൻ പുത്തൻ തന്ത്രങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തവണത്തെ വോട്ട് വിശേഷങ്ങളിൽ തരംഗമാകുന്നത് പാരമ്പര്യ ശൈലികളല്ല, മറിച്ച് യുവത്വത്തിന്റെ പ്രിയപ്പെട്ട 'റാപ്പ്' സംഗീതമാണ്. 'ജെൻ സി വോട്ട് പാട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ 'Gen Z വോട്ട് പാട്ട്' ശ്രദ്ധേയമാകുന്നു. 'ഒരു വോട്ട് മതി കളി മാറി മറിയാൻ' എന്ന പഞ്ചിങ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. യുവതലമുറയുടെ സംസാരശൈലിയും താളവും ഒത്തുചേരുന്ന ഈ റാപ്പ് ഗാനം വോട്ടിങ്ങിന്റെ പ്രാധാന്യം ലളിതവും എന്നാൽ പവർഫുളുമായ രീതിയിൽ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ സംഗീത പ്രതിഭകളുടെ സാന്നിധ്യമാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, മലയാളി റാപ്പ് ലോകത്തെ തരംഗം തിരുമാലി, റാപ്പർ എസ്ടീ (SDEE) എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോർജ് പീറ്ററാണ് വോട്ട് പാട്ടിന് സംഗീതം പകർന്നിരിക്കുന്നത്. ജെൻ സി വോട്ടർമാരെ ലക്ഷ്യം വെച്ച് തയ്യാറാക്കിയ ഗാനമായതുകൊണ്ട് തന്നെ അവരുടെ ഇഷ്ടപ്പെട്ട സംഗീത ശാഖയായ റാപ്പും ഹിപ്-ഹോപ്പും തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
ചലച്ചിത്ര താരങ്ങളായ ടിനി ടോമും കൈലാഷും ചേർന്നാണ് ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഇരുവരും പാട്ടിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട് എന്നതും പ്രത്യേകതയാണ്. സിനിമയിലെയും കലാരംഗത്തെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള ജെൻ സി പ്രതിനിധികളും ഈ വിഡിയോയിൽ വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി എത്തുന്നുണ്ട്. ഓരോ വോട്ടും എത്രത്തോളം നിർണ്ണായകമാണെന്നും ഒരു വോട്ടിലൂടെ എങ്ങനെ വലിയ മാറ്റങ്ങൾ സംഭവിക്കാമെന്നും ഗാനം ഓർമ്മിപ്പിക്കുന്നു.
കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിലാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഗാനം പ്രകാശനം ചെയ്തത്. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശം മാത്രമല്ല, അത് വലിയൊരു കടമ കൂടിയാണെന്ന് കളക്ടർ ചടങ്ങിൽ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാകണമെന്നും അതിന് പുതുതലമുറയുടെ ക്രിയാത്മകമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിചേർത്തു.
പരമ്പരാഗതമായ ബോധവൽക്കരണ ക്ലാസുകളോ നോട്ടീസുകളോ മാത്രം ഇക്കാലത്ത് യുവാക്കളെ ആകർഷിക്കില്ലെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇത്തരമൊരു രീതിയിലേക്ക് നയിച്ചത്. ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്ട്സിലും റാപ്പ് സംഗീതം തരംഗമായി നിൽക്കുന്ന സാഹചര്യത്തിൽ, പാട്ടിലൂടെ സന്ദേശം എത്തിക്കുന്നത് എളുപ്പമാണെന്ന് കമ്മിഷൻ വിലയിരുത്തുന്നു. ജെൻ സിയോട് അവരുടെ ഭാഷയിൽ സംസാരിക്കുക എന്നതായിരുന്നു ഈ പാട്ടിന്റെ ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam