ഉള്ളിവില വർധന: ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍

By Web TeamFirst Published Dec 11, 2019, 6:55 AM IST
Highlights

പാർലമെന്‍റിലോ അസംബ്ലിയിലോ വില വർധന ചർച്ച ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കൊച്ചി: ഉള്ളിവില വർധന തടയാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില വർധന തടയാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദ്ദശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പാർലമെന്‍റിലോ അസംബ്ലിയിലോ വില വർധന ചർച്ച ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് ഹർജി നൽകിയത്. 

അതേ സമയം ചില സംസ്ഥാന സര്‍ക്കാറുകള്‍ ഉള്ളിവില ഉയര്‍ന്നതിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഉള്ളിവില കുതിച്ചുയരുമ്പോഴും വില നിയന്ത്രിക്കാനുള്ള ഇടപെടൽ തുടരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. കേരളത്തിൽ 160 രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റുകളായ റിതു ബസാറുകൾ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ആന്ധ്ര പ്രദേശിൽ ഉള്ളി വിൽക്കുന്നത്.

ആന്ധ്ര പ്രദേശ് മാത്രമാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉള്ളി വിൽക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്തൊക്കെ സംഭവിച്ചാലും വിപണിയിൽ വില കുറയുന്നത് വരെ ഉള്ളി 25 രൂപ നിരക്കിൽ വിൽക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 101 റിതു ബസാറുകളാണ് പ്രവർത്തിക്കുന്നത്.

തമിഴ്നാട്ടില്‍  ഉള്ളി പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടിയുമായി സർക്കാർ രംഗത്ത്. ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചു. മൊത്ത വ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില്ലറ വ്യാപാരികൾ 10 ടണ്ണിൽ കൂടുതൽ ഉള്ളി ശേഖരിക്കരുത്. ചന്തകളിൽ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സർക്കാർ നിശ്ചയിക്കുന്നതിലും അധിക വിലയിൽ വിൽപ്പന നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

അതേ സമയം ഉള്ളിവില കുതിക്കുന്ന സാഹചര്യത്തിൽ ഈജിപ്തിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്ത ഉള്ളി വിറ്റഴിഞ്ഞത് മണിക്കൂറിനുളളിൽ. ഒരു സ്വകാര്യ ഏജൻസിയാണ് ശനിയാഴ്ച്ച രാവിലെ നഗരത്തിൽ ഉള്ളി ഇറക്കുമതി ചെയ്തത്. അഞ്ച് ട്രക്കുകളിലായാണ് ഉളളി യശ്വന്തപുരം മാർക്കറ്റിലെത്തിച്ചത്.

'കിലോയ്ക്ക് 150 രൂപതോതിലാണ് വിറ്റഴിഞ്ഞതെങ്കിലും കൂടുതലും മൊത്തക്കച്ചവടക്കാരാണ് വാങ്ങാനെത്തിയത്. വിദേശ ഉളളിയുടെ നിറവും രുചിയും വ്യത്യാസമുളളതിനാൽ ചില്ലറ വ്യാപാരികളിൽ പലരും വാങ്ങിയില്ല', ഉള്ളി വ്യാപാരിയായായ രവിശങ്കർ പറഞ്ഞു. നിലവിൽ കിലോയ്ക്ക് 200 രൂപ തോതിലാണ് നഗരത്തിലെ കടകളിൽ ഉള്ളി വിറ്റഴിക്കുന്നത്.

click me!