ഉള്ളിവില കൂടി; ചിക്കന്‍ വില്‍പ്പനയും വിലയും താഴോട്ട്

By Web TeamFirst Published Dec 9, 2019, 10:48 AM IST
Highlights

പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15– 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓൾ കേരള പോൾട്രി ഫെഡറേഷന്റെ കണക്ക്. 

കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില വര്‍ദ്ധിച്ചതോടെ  ഇറച്ചിക്കോഴി വില കുറഞ്ഞു. ഒരു കിലോ കോഴിയേക്കാള്‍ വില ഉള്ളിക്ക് ചില്ലറവില്‍പ്പ ശാലകളില്‍ ഉയര്‍ന്നതോടെയാണ് ഇറച്ചിക്കോഴി വില്‍പ്പന താഴേക്ക് പോയത്.  ഇന്നലെ ഉള്ളി വില പൊതുവിപണിയിൽ 160 രൂപയായി. കേരളത്തിന് പുറത്ത് ഇത് 200രൂപ തൊട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഴിയിറച്ചിയുടെ വില പലയിടത്തും കിലോയ്ക്ക് 150 രൂപയായി കുറഞ്ഞു. 

ചില സ്ഥലങ്ങളില്‍ കിലോയ്ക്ക് 180 രൂപ ഇറച്ചി കൊഴിക്ക് വിലയുണ്ടായിരുന്നെങ്കില്‍ വില്‍പ്പന താഴോട്ട് പോയി. പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15– 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓൾ കേരള പോൾട്രി ഫെഡറേഷന്റെ കണക്ക്. 

കഴിഞ്ഞയാഴ്ച കിലോയ്ക്ക് 200 രൂപ വരെ കോഴിയിറച്ചിക്ക് വില ഉണ്ടായിരുന്നത്. ഒരു കിലോ ചിക്കൻ കറിയാക്കാൻ മുക്കാൽ കിലോ ഉള്ളിയും അതിന് അനുസരിച്ച് ചെറിയുള്ളിയും വേണം. എന്നാല്‍ ഇത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും എന്നതിനാല്‍ പല കുടുംബങ്ങളും ഇറച്ചി ഒഴിവാക്കുന്നുവെന്നാണ് കണക്ക്. 

നവംബർ അവസാന വാരം നടന്നതിന്റെ 60% കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത് എന്നാണ് ഇറച്ചികോഴി വില്‍പ്പനക്കാരുടെ സംഘടനയും കണക്ക്. ഉള്ളിവില ചിക്കൻ വിലയെക്കാൾ ഉയർന്നതോടെ ഹോട്ടലുകളിലേക്കുള്ള ചിക്കൻ വിൽപന കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊത്തകച്ചവടക്കാര്‍ പുതിയ സ്റ്റോക്ക് എടുക്കുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
 

click me!