
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചു വിടൽ നടപടിയുടെ ഭാഗമായിട്ടായിരുന്നു ഹിയറിംഗ്. നടപടി ക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഡിജിപി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഹാജരായിരുന്നില്ല. ചികിത്സയിലാണെന്നും ഹാജരാകാൻ സമയം നീട്ടിനൽകണമെന്നും കാണിച്ച് ഇയാൾ മെയിൽ അയച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഇന്ന് ഓൺലൈനായി ഹിയറിംഗ് ഹാജരാക്കാൻ സുനുവിനോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ തൃപ്പൂണിത്തുറ ആയുർവേദ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് സുനു.
ഇന്ന് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പി.ആർ സുനുവിനെ പിരിച്ചു വിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡി ജി പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നൽകി. ഈ മറുപടി പരിശോധിച്ചാണ് ഡി ജി പി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ബേപ്പൂർ കോസ്റ്റൽ സിഐ ആയിരുന്ന പി.ആർ.സുനു സസ്പെൻഷനിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്പെൻഷൻ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റൽ എസ് എച്ച് ഒ പി ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.