
കോഴിക്കോട്: വഖഫ് ബോർഡ് പുനസംഘടനയിൽ പാർട്ടിയെ തഴഞ്ഞതിൽ എതിർപ്പുമായി ഐഎൻഎൽ. എട്ട് അംഗങ്ങളിൽ നാല് പേരും സിപിഎം പ്രതിനിധികളാണ്. മുമ്പ് മുന്നണിയിൽ ഇല്ലാത്ത സമയത്ത് പോലും അംഗത്വം നൽകിയിരുന്നു. മുന്നണിയുടെ ഭാഗമായിട്ടും സ്വന്തം എംഎൽഎ ഉണ്ടായിട്ടും അവഗണിച്ചെന്നാണ് പരാതി. എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടിയെ അവഗണിച്ചെന്നും ഐഎൻഎൽ പരാതിപ്പെട്ടു. എന്നാൽ, ഐഎൻഎല്ലിന് മാത്രമല്ല, ഒരു ഘടകകക്ഷിക്കും അംഗത്വം നൽകിയിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.
അതേസമയം, സമസ്തയിലെ ലീഗ് വിരുദ്ധ സഖ്യത്തെ നയിക്കുന്ന ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തിയിരുന്നു. കേന്ദ്ര നിയമ പ്രകാരം പുനഃസംഘടിപ്പിച്ച ബോർഡിൽ വിവാദം ഭയന്ന് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സമസ്തയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമർ ഫൈസിയെ ഉൾപ്പെടുത്തിയത്.
സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ നേതാവും സർക്കാറിന്റെ വക്താവുമായി അറിയപ്പെടുന്ന ഉമർ ഫൈസി നേരത്തെ ഹജ്ജ് കമ്മിറ്റിയിൽ അംഗമായിരുന്നുവെങ്കിലും വഖഫ് ബോർഡിൽ ഇത് ആദ്യമായാണ്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. ഇത്തവണ പുതിയ കേന്ദ്ര നിയമപ്രകാരം നോമിനേഷൻ നടപ്പിലാക്കിയതോടെ എപി സുന്നികളുടെ രണ്ടു പ്രതിനിധികളെ കൂടാതെ ഉമർ ഫൈസിക്ക് കൂടി സർക്കാർ അവസരം നൽകുകയായിരുന്നു. ജിഫ്രി തങ്ങളുടെ അടക്കം അഭിപ്രായം മാനിച്ചാണ് ഉമർ ഫൈസിയെ ഉൾപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam