
മലപ്പുറം: രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് പി വി അൻവർ. നിലമ്പൂരിൽ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ അഴിച്ചുവിട്ട വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അൻവർ മറുപടി പറഞ്ഞത്. രാഹുലിനെതിരായ ഡി എൻ എ പരാമർശം മയപ്പെടുത്തിയ അൻവർ, തെരഞ്ഞെടുപ്പ് കാലത്ത് അങ്ങനെ പറയാനുള്ള കാരണവും വിശദീകരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി രാഹുൽ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമർശം നടത്തേണ്ടി വന്നതെന്ന് അൻവർ വിവരിച്ചു. എൽ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിന്‍റെ ഡി എൻ എ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിവരിച്ചു.
തന്നെ സംബന്ധിച്ചടുത്തോളം രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി 1991 ൽ കേരളത്തിൽ വന്നപ്പോൾ തന്‍റെ വാപ്പയുടെ കാറിലായിരുന്നു എന്ന ഓർമ്മയും പങ്കുവച്ചു. കോൺഗ്രസിന്‍റെ അടിസ്ഥാന പരമായ തത്വങ്ങളിൽ വ്യതിയാനം വന്നതോടെയാണ് പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നത്. ആ സെക്യുലർ പാർട്ടി നിലപാട് നഷ്ടമാക്കി, വ്യക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ആർ എസ് എസിനും ബി ജെ പിക്കും അടിയറവ് പറഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയിൽ താൻ ഉണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു. രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണെന്നും തന്‍റെ പാരമ്പര്യം അതാണെന്നും ആവർത്തിച്ച ശേഷമാണ് അൻവർ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനമാണ് പി വി അന്‍വര്‍ നടത്തിയത്. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നടക്കം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും ഒഴിയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam