ഒഎൻവി സ്മാരകത്തിനുള്ള സ്ഥലത്തിന്‍റെ പേരിൽ തർക്കം; എതിർപ്പുമായി റവന്യു വകുപ്പ്

By Web TeamFirst Published Sep 5, 2019, 10:57 AM IST
Highlights

ഒഎൻവി സ്മാരകത്തിനുള്ള സ്ഥലത്തിന്‍റെ പേരിൽ തർക്കം. സെന്‍ട്രൽ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തിക്കുന്ന പൈതൃക കെട്ടിടം വിട്ടുകൊടുക്കുന്നതില്‍ എതിർപ്പുന്നയിച്ച് റവന്യു വകുപ്പ്. 

തിരുവനന്തപുരം: ഒഎൻവിക്ക് സ്മാരകം നിർമ്മിക്കാനുള്ള സ്ഥലത്തെ ചൊല്ലി തർക്കം. തിരുവനന്തപുരത്തെ സെന്‍ട്രൽ സ്റ്റാമ്പ് ഡിപ്പോ പ്രവർത്തിക്കുന്ന പൈതൃക കെട്ടിടം ഒഎൻവി സ്മാരകമാക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുക്കുന്നത്. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ നീക്കം പൊളിക്കാൻ റവന്യു വകുപ്പ് കടുത്ത വിയോജിപ്പാണ് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. റവന്യുമന്ത്രിയുടെ വിയോജന റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം തൈയ്ക്കാട്ടിലെ 96സെന്‍റ് സ്ഥലവും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൈതൃക കെട്ടിടവും ചേർന്നതാണ് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ. അഞ്ച് പതിറ്റാണ്ടായി റവന്യു സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന കണ്ണായ സ്ഥലത്ത് ഒഎൻവി കൾച്ചറൽ അക്കാദമി കണ്ണുവച്ചപ്പോഴാണ് റവന്യു വകുപ്പിന്‍റെ ശക്തമായ ഇടപെടൽ. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് റവന്യുവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. റവന്യു കെട്ടിടങ്ങളും പരിസരവും അപ്രധാനമാണെന്ന നിലയിൽ വിട്ടുനൽകണമെന്നുള്ള അവശ്യങ്ങൾ നിരുത്സാഹപ്പെടുത്തണമെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെ നിലപാട്. 

സ്ഥലം വിട്ട് നൽകുന്നതിലെ തടസ്സങ്ങൾ കലക്ടറും ചൂണ്ടിക്കാട്ടുന്നു. ഇരട്ടചുവർ സ്ട്രോങ്ങ് റൂമുകൾ പൊളിച്ച് ഉരുപ്പടികൾ നീക്കം ചെയ്താൽ മാത്രമേ ഡിപ്പോ മാറ്റാൻ കഴിയൂ. ഇത് പൈതൃക സ്മാരകത്തെ ഇല്ലാതാക്കും. ഒപ്പം പുതിയ ഒരു കെട്ടിടത്തിലേക്ക് മാറുന്ന വൻ സാമ്പത്തിക ചെലവും തടസമായി ചൂണ്ടിക്കാട്ടുന്നു. 7500 കോടി രൂപയുടെ മുദ്രപത്രങ്ങളും സ്റ്റാമ്പും സൂക്ഷിക്കുന്ന തന്ത്രപ്രധാന കേന്ദ്രം മാറ്റുന്നതിലെ തടസങ്ങൾ നിരവധിയാണ്. 

എന്നാൽ പിന്നോട്ടില്ലെന്നാണ് ഒഎൻവി കൾച്ചറൽ അക്കാദമിയുടെ നിലപാട്. റവന്യവകുപ്പ് റിപ്പോർട്ട് നൽകിയതിന് ശേഷവും മുഖ്യമന്ത്രി യോഗം വിളിച്ചു. അപ്പോഴും റവന്യു മന്ത്രി എതിര്‍പ്പില്‍ ഉറച്ചുനില്‍കുകയാണ്. തുടര്‍ന്ന് തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. മറുഭാഗത്ത് പൈതൃക സ്മാരകം ഉൾപ്പെടുന്ന ഭൂമി സ്വന്തമാക്കാൻ കരുനീക്കങ്ങളും തകൃതിയാണ്. 

click me!