പോര് തുടർന്ന് ഉമ്മൻ ചാണ്ടി: 'ചർച്ചയുടെ വിശദാംശങ്ങൾ സുധാകരൻ പുറത്തു പറഞ്ഞത് ശരിയായില്ല'

By Web TeamFirst Published Aug 30, 2021, 12:14 PM IST
Highlights

രണ്ട് പ്രാവശ്യം തന്നെ കണ്ടുവെന്ന് സുധാകരൻ പറയുന്നത് ശരിയല്ല. ആകെ ഒരു തവണയാണ് കണ്ടത് അന്ന് വിഡി സതീശനും കൂടെയുണ്ടായിരുന്നു.

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് തവണ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിയെന്ന കെ.സുധാകരൻ്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി രംഗത്ത്. ചർച്ച അപൂർണമായിരുന്നുവെന്നും ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു പറഞ്ഞത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

രണ്ട് പ്രാവശ്യം തന്നെ കണ്ടുവെന്ന് സുധാകരൻ പറയുന്നത് ശരിയല്ല. ആകെ ഒരു തവണയാണ് കണ്ടത് അന്ന് വിഡി സതീശനും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ചർച്ച നടന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നുവെന്ന് പറഞ്ഞ ഉമ്മൻചാണ്ടി കെ.സുധാകരനെ കണ്ട ശേഷം ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാമെന്നും അറിയിച്ചു. ചർച്ചയുടെ വിവരങ്ങൾ പുറത്തു വിടുന്നത് ഒരോരുത്തരുടെ ശൈലിയാണ്. തങ്ങളുടെ കാലത്ത് ആർക്കും പരാതികളുണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

ഡിസിസി അധ്യക്ഷൻമാരുടെ പുനസംഘടനയിൽ പരസ്യപ്രതികരണം ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടിയടക്കം പാർട്ടിയിലെ അഭിപ്രായ ഭിന്നത പരസ്യമാക്കി രംഗത്തുണ്ട്. സുധാകരനേയും സതീശനേയയും ശക്തമായി നേരിടാനാണ് എ,ഐ ​ഗ്രൂപ്പുകളുടെ നീക്കം. പട നയിക്കാൻ ഉമ്മൻചാണ്ടി തന്നെ രം​ഗത്തിറങ്ങിയത് സാഹചര്യത്തിൻ്റെ ​ഗൗരവം തിരിച്ചറിഞ്ഞാണ്. 

കെ.സുധാകരൻ കെപിസിസി അധ്യക്ഷനും വിഡി സതീശൻ പ്രതിപക്ഷ നേതാവുമായും വന്നതോടെ കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയിലെ അധികാര സമവാക്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എ ​ഗ്രൂപ്പിലെ പ്രമുഖനായ തിരുവഞ്ചൂരും ഐ ​ഗ്രൂപ്പിലെ പ്രമുഖനായ ശൂരനാട് രാജശേഖരനുമെല്ലാം ഇന്ന് കെപിസിസി നേതൃത്വത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എ,ഐ ​ഗ്രൂപ്പുകളിലെ പല പ്രമുഖ നേതാക്കളും ഇതിനോടകം ഔദ്യോ​ഗിക പക്ഷത്തേക്ക് ചാഞ്ഞു കഴിഞ്ഞു. 

കാലടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന തിരിച്ചറിവിലാണ് നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തീരുമാനിച്ചത്. പതിറ്റാണ്ടുകളായി നിലനിന്ന വൈര്യം മാറ്റിവച്ച് ഒന്നിച്ചു നിന്നാവും ഇനിയങ്ങോട്ട് എ, ഐ ​ഗ്രൂപ്പുകളുടെ തുട‍ർനീക്കവും. ഡിസിസി അധ്യക്ഷ പട്ടികയിൽ തങ്ങളെ മാറ്റി നിർത്തിയത് ഒരു സൂചനയാണെന്നും ഇനി കെപിസിസി പുനസംഘടനയിലും ഇതേ നയം സംസ്ഥാന നേതൃത്വം തുടരുമെന്നും എ,​ഐ ​ഗ്രൂപ്പുകൾ ഭയപ്പെടുന്നു. കെപിസിസി പുനസംഘടനയിൽ അപ്രമാദിത്വം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സുധാകരനെതിരെ പരസ്യപ്പോരിന് ഉമ്മൻചാണ്ടി ഇറങ്ങിയത്. 

അതേസമയം പരസ്യപ്രസ്താവനകൾ ഹൈക്കമാൻഡ് വിലക്കിയെങ്കിലും വിവിധ കോൺ​ഗ്രസ് നേതാക്കൾ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു കൊണ്ട് രം​ഗത്ത് വരുന്നത് തുടരുകയാണ്. കെ.മുരളീധരൻ, തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ, ജോസഫ് വാഴക്കൻ, ശൂരനാട് രാജശേഖരൻ എന്നിവർ ഇതിനോടകം മാധ്യമങ്ങളെ കണ്ടു. എം.എം ഹസ്സനും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാൻ കൂടുതൽ നേതാക്കൾ മുന്നോട്ട് വന്നേക്കും. അതേസമയം കെ.പി.അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയ കെ.സുധാകരൻ അച്ചടക്കലംഘനം ക‍ർശനമായി നേരിടും എന്ന വ്യക്തമായ സന്ദേശം നേതാക്കൾക്ക് നൽകി കഴിഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!