
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളിൽ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയുമെന്ന് ഉമ്മൻചാണ്ടി. സോളാര്‍ കേസിന്റെ സാഹചര്യത്തോട് സമാനമായ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം.
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി. എന്ന കുറിപ്പോടെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം അടങ്ങിയ എഫ്ബി പോസ്റ്റ് അവസാനിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം :
സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.
സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.
2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു.
വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.
എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.
ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്.
ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam