സോണിയക്ക് നേതാക്കൾ കത്തെഴുതിയതിൽ തെറ്റില്ല, ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്: ഉമ്മൻചാണ്ടി

By Web TeamFirst Published Sep 8, 2020, 8:58 PM IST
Highlights

എം.എൽ.എ എന്ന നിലയിൽ അൻപത് വ‍ർഷം പൂർത്തിയാക്കുന്ന വേളയിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ എം.ജി.രാധാകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. 

തിരുവനന്തപുരം: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയാരാണ് എന്ന് തീരുമാനിക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡാണെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷനേതാവ് എന്ന നിലയിൽ മികച്ച പ്രകടനമാണ് രമേശ് ചെന്നിത്തല നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ് അതാണ് കോൺ​ഗ്രസിലെ കീഴ്വഴക്കമെന്നും ഉമ്മൻ ചാണ്ടി പറ‍ഞ്ഞു. 

എം.എൽ.എ എന്ന നിലയിൽ അൻപത് വ‍ർഷം പൂർത്തിയാക്കുന്ന വേളയിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ എം.ജി.രാധാകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഐഎസ്ആ‍ർഒ ചാരക്കേസിലെ തൻ്റെ നിലപാടിൽ തെറ്റു പറ്റിയതായി തോന്നുന്നില്ലെന്നും കരുണാകരൻ്റെ രാജി താൻ ആവശ്യപ്പെട്ടത് പാ‍ർട്ടിയെ അഭ്യന്തര പ്രശ്നങ്ങളെ തുട‍ർന്നാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞത്...

മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച നേതാവ്. മലയാളികളിൽ എകെ ആൻ്റണിയും കെ.കരുണാകരനും. മറ്റു പാർട്ടികളിൽ എം.എൻ.ഗോവിന്ദൻ നായർ, ടിവി തോമസ്, ടികെ ദിവാകരൻ എന്നീ നേതാക്കളും എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. 

മാധ്യമങ്ങളിൽ പറയും പോലെ ശക്തമായ വിഭാഗീയത ഞാനൊരിക്കലും പാർട്ടിയിൽ കാണിച്ചിട്ടില്ല. പാർട്ടി ഫസ്റ്റ് എന്നതാണ് ഞാനെന്നും സ്വീകരിച്ച നിലപാട്. കോൺ​ഗ്രസിൽ എന്നും ഇത്തരം കൂട്ടായ്മകളുണ്ടായിരുന്നു. എല്ലാ സംസ്ഥാനത്തും അതുണ്ടായിരുന്നു. മാധ്യമങ്ങൾ പലതും പെരുപ്പിച്ചു കാട്ടി കണ്ടിട്ടുണ്ട്. അപൂ‍ർവ്വമായി മാത്രമേ ​ഗ്രൂപ്പിസം പരിധിവിട്ട സംഭവങ്ങളുണ്ടായിട്ടുള്ളൂ. വളരെ ആലോചിച്ചു മാത്രമേ തീരുമാനങ്ങൾ എടുത്തിട്ടുള്ളൂ. എന്നാൽ മനുഷ്യർക്ക് തെറ്റു പറ്റാം. 

ചാരക്കേസിൽ ഒരിക്കലും തെറ്റുപറ്റിയതായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ടറിയാവുന്ന പല കാര്യങ്ങളുടേയും അടിസ്ഥാനത്തിൽ എനിക്കറിയാം. ചാരക്കേസിൻ്റെ പേരിൽ ഒരിക്കലും കരുണാകരൻ്റെ രാജി ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് അച്ചടക്കമുണ്ടായി എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ മാധ്യമങ്ങൾ സെൻസ‍ർഷിപ്പ് ഏറ്റെടുത്ത നടപടി വലിയ തെറ്റായി എന്നു ഞാൻ കരുതുന്നു.   

പരിഹരിക്കാൻ പറ്റാത്തവിധമുള്ള പ്രതിസന്ധിയൊന്നും പാ‍ർട്ടിയിൽ ഇല്ല. അദ്ദേഹം തിരിച്ചു വരണം എന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറി നിൽക്കുകയാണ് രാഹുൽ. അതു തെറ്റാണ് അദ്ദേഹം മടങ്ങി വരണം. 23 മുതി‍ർന്ന നേതാക്കൾ കത്ത് എഴുത്തിയതിൽ തെറ്റുണ്ടെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ കത്ത് മാധ്യമങ്ങളിൽ വന്നത് തെറ്റായ നടപടിയാണ്. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായ ആരോപണങ്ങളിൽ എന്തേലും കഴമ്പുണ്ടായിരുന്നുവെങ്കിൽ ഈ സർക്കാർ വെറുതെ ഇരിക്കുമായിരുന്നോ... ? തെറ്റു ചെയ്താൽ ശിക്ഷ കിട്ടും എന്നാണ് എൻ്റെ വിശ്വാസം. ആ ഒരു ചിന്തയാണ് ഈ ജീവിതത്തിലുടനീളം എന്നെ മുന്നോട്ട് നയിച്ചത്. നിയമസഭയ്ക്ക് അകത്തും പുറത്തും വന്ന എല്ലാ ആരോപണങ്ങളും സോളാ‍ർ കമ്മീഷൻ അന്വേഷിച്ചു. എന്നിട്ടും ആരോപണങ്ങൾ അല്ലാതെ ഒരു രേഖപോലും ഇവ‍ർക്ക് ഹാജരാക്കാൻ സാധിച്ചില്ല. 

പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ​ഉന്നയിച്ച ​ഗുരുതരമായ ആരോപണങ്ങൾ എല്ലാം സ‍ർക്കാർ തള്ളിക്കളഞ്ഞു. എന്നാൽ പിന്നീട് അവയെല്ലാം ശരിയെന്ന് ഉയ‍ർന്നു വന്നു. പ്രതിപക്ഷനേതാവിൻ്റെ പല ചോദ്യങ്ങൾക്കും അവ‍ർ ഉത്തരം നൽകണം. 

ഈ സർക്കാരിൻ്റെ പ്രധാനന്യൂനത സുതാര്യമില്ലായ്മയാണ്. ഒരു തീരുമാനമെടുത്താൽ അതു ശരിയായാലും തെറ്റായാലും അതിലുറച്ചു നിൽക്കുക എന്ന മുഖ്യമന്ത്രിയുടേയും സർക്കാരിൻ്റേയും നിലപാട് ശരിയല്ല. എത്രയോ തീരുമാങ്ങൾ തിരുത്തിയ ആളാണ് ഞാൻ. ഒരു കാര്യത്തിലേക്ക് വരുമ്പോൾ എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ് എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകുകയാണ് വേണ്ടത്. ഈ സർക്കാർ അക്കാര്യത്തിൽ തികഞ്ഞ പരാജയമാണ്. 

പാ‍ർട്ടി എനിക്ക് തന്നിട്ടുള്ള അം​ഗീകാരങ്ങളും ജനം എനിക്ക് തന്ന സ്നേഹവും ഞാൻ അർഹിക്കുന്നതിലും കൂടുതലാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നല്ല രീതിയിലുള്ള പ്രകടനമാണ് രമേശ് നടത്തിയത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞാനും അത്ര പോരാ എന്ന അഭിപ്രായം കേട്ടിരുന്നു. പ്രതിപക്ഷനേതാവായി രമേശ് നന്നായി പ്രവർത്തിച്ചു. യുഡിഎഫ് ജയിച്ചാൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കുക. 

click me!