
തിരുവനന്തപുരം: കണ്ണൂരിൽ ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ തെളിയിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റവും കുറവ് കൊലപാതകങ്ങൾ നടത്തിയിട്ടുള്ളത് കോൺഗ്രസാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി. ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.
അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam