സഭാ സമ്മേളനം: ഉമ്മൻചാണ്ടിയും ജലീലും അവധി അപേക്ഷ നൽകി, പി വി അൻവർ അപേക്ഷ നൽകിയില്ല

By Web TeamFirst Published Oct 13, 2021, 10:36 AM IST
Highlights

ഉമ്മൻചാണ്ടി മൂന്നാഴ്ചത്തേക്കും ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നൽകിയത്

തിരുവനന്തപുരം: ഉമ്മൻചാണ്ടിയും (Oommen Chandy) കെ ടി ജലീലും (K T Jaleel) നിയമസഭാ സമ്മേളനത്തിൽ (Kerala assembly) പങ്കെടുക്കാതിരിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് അവധി അപേക്ഷ നൽകി. ഉമ്മൻചാണ്ടി മൂന്നാഴ്ചത്തേക്കും ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നൽകിയത്. അപേക്ഷ ഇന്ന് സഭ പരിഗണിക്കും.

അതേസമയം സഭാ സമ്മേളത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വിവാദത്തിലായ പി വി അൻവർ (PV Anwar) ഇതുവരെയും അവധി അപേക്ഷ നൽകിയിട്ടില്ല. സഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷവിമർശനുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan) രംഗത്ത് വന്നത്.

നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്നായിരുന്നു അൻവറിന്‍റെ മറുപടി. ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും അൻവർ ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചിരുന്നു.

അതേസമയം തുടർച്ചയായി 60 ദിവസം വരെ അപേക്ഷ നൽകാതെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്.

നിയമസഭയിൽ വരാൻ താത്പര്യമില്ലെങ്കിൽ അൻവർ രാജിവയ്ക്കണമെന്ന് വിഡി സതീശൻ

'സ്വന്തം ഗുരുവിന്റെ കുതികാല് വെട്ടിയ പ്രതിപക്ഷ നേതാവ് ധാർമ്മികത പഠിപ്പിക്കണ്ട'; സതീശന് അൻവറിന്റെ മറുപടി

 

click me!