സ്വയംഭരണ കോളേജുകളുടെ കാര്യത്തിലും സിപിഎമ്മിന് മനംമാറ്റം: സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

Web Desk   | Asianet News
Published : Jul 24, 2020, 04:24 PM IST
സ്വയംഭരണ കോളേജുകളുടെ കാര്യത്തിലും സിപിഎമ്മിന് മനംമാറ്റം: സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ്  എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് സർക്കാരും യുജിസിയും എടുത്തത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍  ഒരു സ്വയംഭരണ കോളേജ് പോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യുഡിഎഫ് സർക്കാർ സ്വയംഭരണാധികാരമുള്ള കോളേജുകള്‍ കേരളത്തില്‍ തുടങ്ങുന്നതിന് നയപരമായ തീരുമാനം എടുത്തത്. ഇതിനെ അന്ന്  എല്‍ഡിഎഫ് അതിശക്തമായി എതിര്‍ത്തു. യുജിസിയുടെ പരിശോധനപോലും തടയുവാന്‍ ശ്രമിച്ചു. അദ്ധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയാണ്  ഗവണ്‍മെന്റ് കോളേജുകളുടെ പരിശോധന തടഞ്ഞത്. 18 എയിഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും ഒരു ഗവണ്‍മെന്റ് കോളേജും ഉള്‍പ്പെടെ 19 കോളേജുകളെ സ്വയംഭരണാധികാരമുള്ള കോളേജുകളായി എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് യുജിസി പ്രഖ്യാപിച്ചു. യുജിസിയുടെ ടീം തെരഞ്ഞെടുത്ത കോളജുകളുടെ  അര്‍ഹതയെ ആരും  ചോദ്യം ചെയ്തില്ല.

സ്വയംഭരണാവകാശ കോളേജുകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും സമരം നടത്തുകയും ചെയ്തവര്‍ തുടര്‍ന്ന് അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീര്‍പ്പ് മുട്ടിച്ചു.  എന്നാല്‍ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളേജുകള്‍ അനുവദിക്കുകയാണു ചെയ്തത്.  ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വേള്‍ഡ് ബാങ്ക്, എ.ഡി.ബി ബാങ്ക് തുടങ്ങിയ അന്തര്‍ദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീടു  വര്‍ഷങ്ങള്‍ക്ക് ശേഷം നയംമാറ്റിയപ്പോള്‍ കേരളത്തിന്റെ ഓരോ മേഖലയിലും വലിയ തിരിച്ചടികള്‍ ഉണ്ടായെന്ന്  ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. പതിനായിരക്കണക്കിന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാന്‍ പോകുന്നത്. അവര്‍ക്ക് ഇവിടെ പഠിക്കാനുള്ള അവസരം കൊടുക്കാന്‍ നമുക്കു സാധിക്കും.  അതിന് യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രം മതിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത