
ദില്ലി: കെ സി വേണുഗോപാലിന് (K C Venugopal) എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി (Oommen Chandy). വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോർഡുകളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഒരു സംഘമാളുകൾ ബോർഡ് സ്ഥാപിച്ചത്.
കെ സി വേണുഗോപാലിന് എതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. അടുക്കള ഏജന്‍റമാരാണ് കോൺഗ്രസിൽ ഭരിക്കുന്നതെന്നും ഹൈക്കമാന്‍റിന് താൽപ്പര്യം അഴിമതിക്കാരായ നേതാക്കളോടാണെന്നും സി എം ഇബ്രാഹിം പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി പൂർണ്ണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നെന്നും ഇതാണ് തിരിച്ചടിക്ക് കാരണമെന്നും സി എം ഇബ്രാഹിം കുറ്റപ്പെടുത്തി.
ഗാന്ധി കുടംബത്തിന്‍റെ രാജി അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക പ്രവര്‍ത്തക സമിതി വൈകുന്നേരം നാല് മണിക്ക് ചേരും. രാവിലെ പാര്‍ലമെന്‍റ് നയരൂപീകരണ സമിതി യോഗം ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായില്ല.നേതൃമാറ്റം അനിവാര്യമെന്ന നിലപാടില്‍ ഗ്രൂപ്പ് 23 ഉറച്ച് നില്‍ക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയും പ്രവര്‍ത്തക സമിതി അംഗത്വം രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്കയും രാജി വച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. റിപ്പോര്‍ട്ടുകള്‍ എഐസിസി തള്ളിയെങ്കിലും ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. രാജി വാര്‍ത്തകള്‍ക്ക് പിന്നാലെ നേതൃത്വം ഒഴിയെരുതെന്ന മുറവിളി വിശ്വസ്തരില്‍ നിന്ന് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പരാജയത്തില്‍ കൂട്ടുത്തരവാദിത്തം എന്ന കവചമുയര്‍ത്തി എതിര്‍ സ്വരങ്ങളെ തടുക്കാനുള്ള തയ്യാറെടുപ്പിലാണ് 54 അംഗ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷമുള്ള ഗാന്ധി അനുകൂലികള്‍.
നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ നയരൂപീകരണ സമിതി ചേര്‍ന്നെങ്കിലും മറ്റ് വിഷയങ്ങളിലേക്ക് കടക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചു. ഗ്രൂപ്പ് 23ല്‍ പെട്ട ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷനാകണമെന്നാവര്‍ത്തിക്കുന്ന ഗ്രൂപ്പ് 23, പ്രവര്‍ത്തക സമിതി അംഗം മാത്രമായ രാഹുല്‍ഗാന്ധി സംഘടനയില്‍ അധികമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും. തോല്‍വിയില്‍ കെ സി വേണുഗോപാലിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കും. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ എന്തു കൊണ്ടു തോറ്റു എന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. പിസിസി അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam