പ്രവാസികളുടെ മടക്കമടക്കം പിണറായി സര്‍ക്കാരിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഒമ്പത് നിര്‍ദ്ദേശങ്ങള്‍

By Web TeamFirst Published Apr 15, 2020, 8:54 PM IST
Highlights

എല്ലാ രാജ്യങ്ങളും ഗള്‍ഫിലെ അവരുടെ പൗരന്മാരെ മടക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടും മെയ് മൂന്ന് വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എല്ലാ രാജ്യങ്ങളും ഗള്‍ഫിലെ അവരുടെ പൗരന്മാരെ മടക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടും മെയ് മൂന്ന് വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാസികളുടേത് ഉള്‍പ്പെടെ ഒമ്പത് വിഷയങ്ങള്‍ നാളെ ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചു.

ഘട്ടംഘട്ടമായി മടങ്ങിപ്പോരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാന്‍  കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ട്രാന്‍സിറ്റ് യാത്രക്കാര്‍, ഗള്‍ഫില്‍ കുടുങ്ങിയ വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം, മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍  വിമാനത്താവളങ്ങളോട് ചേര്‍ന്ന് ക്യാമ്പുകള്‍ സജ്ജമാക്കണം, ക്യാമ്പുകളില്‍ താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവ ഉറപ്പു വരുത്തണം എന്നീ നിര്‍ദേശങ്ങളാണ് പ്രവാസികളുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചിരിക്കുന്നത്.

ഇതുകൂടാതെ മറ്റു ചില കാര്യങ്ങള്‍ കൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികരംഗം പാടെ തകര്‍ന്ന സാഹചര്യത്തില്‍ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തെ  മൊറട്ടോറിയം നല്‍കണം. മുഖ്യമന്ത്രി അടിയന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജ് ഉടനടി നടപ്പിലാക്കണം. വിധവാ പെന്‍ഷന്‍ ലഭിക്കുന്നതിന് പുനര്‍ വിവാഹം നടത്തിയിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് നടത്തണം തുടങ്ങിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ധാരാളം പേര്‍ക്ക് പെന്‍ഷന്‍ വാങ്ങുവാന്‍ സാധിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 31ന് മുന്‍പ് സമര്‍പ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ബില്ലുകള്‍, കുടിശികയായ റബ്ബര്‍ സബ്സിഡി എന്നിവ എത്രയും വേഗം നല്‍കാന്‍ നടപടി ഉണ്ടാകണം. സമൂഹ അടുക്കളയും  പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാന്‍  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. കാര്‍ഷിക മേഖലയ്ക്ക് അത്യാവശ്യമായ ഇളവുകള്‍ ഏപ്രില്‍ 17 മുതല്‍ തന്നെ നല്‍കണം. കൃഷിപ്പണികള്‍, ഉല്‍പ്പന്നങ്ങളുടെ വിപണനം, റബ്ബര്‍ ടാപ്പിംഗ്, സംഭരിച്ച ഉല്പങ്ങള്‍ കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്ക്  നിര്‍ബന്ധമായും ഇളവ് നല്‍കണം.

കേരള സ്റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, മറ്റ് അപ്പക്സ് സംഘങ്ങള്‍, ഗ്രാമവികസന സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് റബ്ബര്‍, കശുവണ്ടി, നാളികേരം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പങ്ങള്‍ സംഭരിക്കാന്‍ അനുമതി നല്‍കണം.  

സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച കശുവണ്ടി ഏറ്റെടുക്കാന്‍ കാഷ്യൂ കോര്‍പ്പറേഷനും കാപ്പക്സിനും നിര്‍ദ്ദേശം നല്‍കണം. മത്സ്യകച്ചവടം നടത്തുതിന് അനുബന്ധ തൊഴിലാളികള്‍ക്ക്  അനുമതി നല്‍കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  അഞ്ച് പേര്‍ എന്ന നിയന്ത്രണത്തോടുകൂടി അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉമ്മന്‍ ചാണ്ടി ഉന്നയിച്ചു.
 

click me!