
കൊച്ചി: ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ കാറും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. തമിഴ്നാട് റെജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫെൻഡ(TN 01 AS 0155)റാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാഹനം. ഇന്ന് രാവിലെ മുതൽ ദുൽഖറിന്റെ വാഹനങ്ങളിൽ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവർ ഡിഫെൻഡർ കസ്റ്റഡിയിലെടുത്തത്. അമിത് ചക്കാലക്കലിൻ്റെ വാഹനവും മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. അതേസമയം, സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തി. ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസലേറ്റിന്‍റെയും പേരിൽ വ്യാജമായി മുമ്പ് രജിസ്റ്റർ വാഹനങ്ങളാണ് അമിത് ചക്കലാക്കലിന്‍റെ കൈവശമുണ്ടായിരുന്നത്. അമിതിന്‍റെ വീട്ടിൽ പരിശോധന തുടരുകയാണ്. അമിതിന്‍റെ അഭിഭാഷകരും വീട്ടിലെത്തിയിട്ടുണ്ട്. അഞ്ച് വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്‍റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു.
സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തി. ദുൽഖർ സൽമാന്‍റെ നിസാൻ പെട്രോൾ കാർ, പൃഥ്വിരാജിന്‍റെ ലാൻഡ് റോവർ ഡിഫൻഡർ അടക്കമുള്ള കാറുകളാണ് അന്വേഷണ പരിധിയിലുള്ളത്. എന്നാൽ, പൃഥ്വിരാജിന്‍റെ അന്വേഷണ പരിധിയിലുള്ള കാർ അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലുമില്ല. വാഹനം എവിടെയെന്ന് വ്യക്തമല്ല. ഇതിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു വാഹനം കസ്റ്റംസിന്‍റെ കരിപ്പൂരിലെ യാര്‍ഡിലേക്ക് മാറ്റി. കേരള രജിസ്ട്രേഷനിലുള്ള എസ്‍യുവി വാഹനമാണ് യാര്‍ഡിലേക്ക് മാറ്റിയത്.
ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് രാജ്യ വ്യാപക പരിശോധന നടത്തുന്നത്. സിനിമ താരങ്ങൾക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും നടത്തിയ പരിശോധനയിൽ ഇതുവരെ 20 ലേറെ വാഹനങ്ങൾ പിടിച്ചെടുത്തു. ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥറും ഭൂട്ടാനിൽ നിന്നുള്ള വാഹനം ഇറക്കുമതി ചെയ്തുവരുടെ പട്ടികയിലുണ്ട്. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 20ലധികം സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ അടക്കം 150 ൽ അധികം എസ്‍യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്.
ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ച് വ്യാജ രജിസ്ട്രേഷൻ ഉണ്ടാക്കി, പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റർ ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഈ വാഹനങ്ങളാണ് സിനിമ താരങ്ങളും വ്യവസായികളും വാങ്ങിക്കൂട്ടിയത്. റവന്യൂ ഇന്‍റലിജൻസും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്. മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹങ്ങൾ ഇറക്കുമതി ചെയ്യാൻ 200% തീരുവ അടയ്ക്കണം. സെക്കന്റ് ഹാൻഡ് വാഹനങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള അനുമതിയുമില്ല. ഇതെല്ലാം മറികടന്നുള്ള വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിൽ ഉണ്ടെന്നാണ് വിവരം. റെയ്ഡ് സംബന്ധിച്ച് വിശദീകരിക്കാൻ കസ്റ്റംസ് കേരള ലക്ഷദ്വീപ് മേധാവി കൊച്ചിയിൽ വൈകിട്ട് മാധ്യമങ്ങളെ കാണും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam