
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത കമ്പനിയുടെ കാലാവധി തീർന്നതിന് പിറ്റേന്ന് തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്ന് കൊച്ചി നഗരസഭയിലെ സിപിഐ അംഗങ്ങളും പ്രതിപക്ഷവും ആരോപിച്ചു. അതേസമയം ബ്രഹ്മപുരം തീപിടുത്തത്തിൽ അന്വേഷണം വേണമെന്ന് മുൻ മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു. കരാർ ഇടപാടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണവും വേണമെന്നും അവർ പറഞ്ഞു.
രാത്രിയിലും ചിലയിടങ്ങളിൽ മാലിന്യ കൂമ്പാരം കത്തിയതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക കൊച്ചി നഗരത്തിലെ ചില മേഖലകളിലേക്കെത്തിയിരുന്നു. വൈറ്റില, കുണ്ടന്നൂർ ഭാഗത്ത് അതിരാവിലെ പുക ദൃശ്യമായിരുന്നു. ബ്രഹ്മപുരത്ത് എത്തിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള കരാർ എറ്റെടുത്തിരിക്കുന്നത് കൊച്ചിയിലെ സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന കന്പനിയാണ്. ഈ കന്പനിയുടെ കരാർ കാലാവധി മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യപ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ബ്രഹ്മപുരത്തെ മാലില്യമലയ്ക്ക് തീപിടിച്ചത്. തീപിടത്തിത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ശാസത്രീയ പരിശോധനയിലൂടെയേ വ്യക്തമാകൂ എന്ന് നിലപാടിലാണ് അധികൃതർ.
സംഭവത്തിൽ എറണാകുളം ജില്ലാ കകളക്ടർ വിശദ റിപ്പോര്‍ട്ട് തേടി. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദേശം നൽകി. കോര്‍പ്പറേഷനോട് കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ചു. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാലാണ് കണ്‍ട്രോള്‍ റൂം ആരംഭിക്കാൻ നിർദ്ദേശിച്ചത്.