
തിരുവനന്തപുരം: തൊഴിലാളികളെ മറന്ന ഇടത് സർക്കാർ ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ മുഴുവൻ കുടിശ്ശികയും ഉടൻ തീർക്കുമെന്നും പ്രതിപക്ഷത്തിൻേറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നൽകി
വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശികയിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കൊല്ലത്ത് സമ്മേളനം നടത്തിയ പാർട്ടി കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് 28 കോടി ബാധ്യതയുള്ളത് മറന്നുവെന്ന് വിമർശനം. കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 500 കോടി കുടിശ്ശിക അടക്കം 33 ബോർഡുകളിൽ 13 എണ്ണത്തിലും കടുത്ത പ്രതിസന്ധിയെന്നും പ്രതിപക്ഷം പറഞ്ഞു.
എന്നാൽ യുഡിഎഫിന്റെ കാലത്തെ കുടിശ്ശിക വരെ തീർക്കുന്നത് ഇടത് സർക്കാറെന്ന് ധനമന്ത്രി. അംശാദായത്തിന് പുറമെ സർക്കാർ കൂടുതൽ പണം കൂടി അനുവദിച്ചാണ് പെൻഷൻ നൽകുന്നത്, നേരത്തെ പെൻഷൻ പദ്ധതി കൊണ്ടുവന്നപ്പോൾ യുഡിഎഫ് എതിർത്തുവെന്നതടക്കം പറഞ്ഞായിരുന്നു മറുപടി. മൂന്ന് മാസത്തെ കുടിശ്ശിക ഉടൻ തീർക്കുമെന്നും പെൻഷൻ കുറക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam