
തിരുവനന്തപുരം: ഷുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി നേതാക്കള്‍ പറഞിട്ടാണ് നടത്തിയതെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ തുടരന്വേഷണത്തിന് തയ്യറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേസിലെ 11 പ്രതികൾ സിപിഎം കൊട്ടേഷൻ സംഘമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ടി സിദ്ദിഖ് കുറ്റപ്പെടുത്തി. പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയും ഷുഹൈബുമായി ഒരു ബന്ധവുമില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരുഗണനയിലാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.ഗൂഢാലോചന വകുപ്പ് കൂടി ചേർത്താണ് അന്വേഷണം നടന്നത്. രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ കണ്ടെത്തി. പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് ദുർബലപെടുത്താൻ ശ്രമിച്ചിട്ടില്ല .കേസിലെ കുറ്റപത്രം കോടതിക്ക് മുന്നിൽ ഉണ്ട് .പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏതെങ്കിലും അലംഭാവം ഉണ്ടായതായി പ്രതിപക്ഷത്തിന് തെളിയിക്കാൻ കഴിയുന്നില്ല. സിബിഐ വരുന്നതിനെ എതിർത്തത് പ്രതികളെ സംരക്ഷിക്കാൻ അല്ല, പൊലീസ് നടപടികളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ പുകമറ ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമിക്കുന്നത്. കൊട്ടേഷൻ സംഘങ്ങളുടെ തണലിൽ അല്ല സിപിഎം. കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. തിരുത്താൻ ആകുന്നില്ലെങ്കിൽ പാർട്ടി നടപടി, അതാണ് രീതി. പാർട്ടിയിൽ വരുന്നവർ എല്ലാ തെറ്റുകൾക്ക് അതീതർ അല്ല. തെറ്റ് മറച്ചു വച്ച് സംരക്ഷിക്കുന്ന രീതി ഇല്ല. അതിനോട് പൊറുക്കില്ല. പാർട്ടിക്ക് പുറത്തു പോയവർ പാർട്ടിയോട് ശത്രുത ഭാവം പുലർത്തും. അതിൽ മനഃ സുഖം വേണ്ട. ക്രിമിനലുകളുടെ വാക്കു മഹത്വ വൽക്കരിക്കാൻ പ്രതിപക്ഷത്തിനു വ്യഗ്രതയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഷുഹൈബ് വധത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണഉദ്യോഗസ്ഥന് പുതിയ പരാതി കിട്ടിയിട്ടില്ല. തുടരന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam