'കൊന്നു തള്ളുന്നതല്ല പരിഹാരം'; വൈത്തിരി വെടിവെപ്പിനെതിരെ രമേശ് ചെന്നിത്തല

By Web TeamFirst Published Mar 8, 2019, 11:29 AM IST
Highlights

നിലമ്പൂരില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തത്. എന്നാൽ എല്ലാവരേയും കൊന്ന് ഈ പ്രശ്നത്തിന്പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. 

തിരുവനന്തപുരം: വൈത്തിരിയിൽ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ എല്ലാം കൊല്ലുന്നതെല്ലാം മാവോയിസ്റ്റ് ഭീഷണിക്കുള്ള പരിഹാരമെന്ന് പറഞ്ഞ ചെന്നിത്തല മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒരു തന്ത്രമോ പദ്ധതിയോ സംസ്ഥാന സർക്കാരിനില്ലെന്നും കുറ്റപ്പെടുത്തി

പ്രതിപക്ഷനേതാവിന്റെ വാക്കുകൾ... 

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകളെ നിയന്ത്രിക്കാനും അവരുടെ നീക്കങ്ങള്‍ തകര്‍ക്കാനും കേരള പൊലീസിന് സാധിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ ഷൈനി, രൂപേഷ് എന്നിവരെ കേരള-ആന്ധ്ര പൊലീസ് സംയുക്തമായാണ് കോയന്പത്തൂരില്‍ നിന്നും പിടികൂടിയത്. ഒരു തുള്ളി രക്തം പോലും വീഴ്ത്താതെയാണ് രൂപേഷിനേയും ഷൈനിയേയും മുരളിയേയുമെല്ലാം പൊലീസ് ജയിലിലെത്തിച്ചത്. തണ്ടര്‍ ബോള്‍ട്ട് പോലെ പരിശീലനം ലഭിച്ച സംഘത്തെ ഇതിനായി ഫലപ്രദമായി യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഒരാളേയും വെടിവച്ചു കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. 

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മാവോയിസ്റ്റുകളെ നേരിടാന്‍ കൃത്യമായ പദ്ധതി ഇല്ലാതെ പോയതാണ് ഇത്തരം ദുരന്തങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി നിലമ്പൂര്‍-വയനാട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരെ തടയുന്ന കാര്യത്തില്‍ പക്ഷേ കേരളസര്‍ക്കാര്‍ പരാജയപ്പെട്ടു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ സംയുക്ത നീക്കം നടത്തിയാണ് മാവോയിസ്റ്റുകളെ നേരത്തെ ഒതുക്കിയത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി ഫലപ്രദമായ സംവിധാനമുണ്ടായിരുന്നു. 

സാധാരണഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താണ് സര്‍ക്കാരുകള്‍ മുന്നോട്ട് പോകാറ്. എന്നാൽ ഇവിടെ അതും ഉണ്ടായില്ല. മാവോയിസ്റ്റുകളെ നിയന്ത്രിക്കണം എന്ന കാര്യത്തില്‍ യുഡിഎഫിന് മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഇങ്ങനെ വെടിവെപ്പിലേക്ക് കാര്യങ്ങള്‍ നടത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഇത്.

കൊല്ലപ്പെട്ട സിപി ജലീലിന്‍റെ പേരില്‍ എന്തെങ്കിലും കേസുകളുണ്ടോ എന്ന് പൊലീസ് വെളിപ്പെടുത്തണം. ഈ കുടുംബം തന്നെ മാവോയിസ്റ്റ് ആഭിമുഖ്യമുള്ള കുടുംബമാണ്. പുറകില്‍ നിന്നും വെടിവെച്ചു കൊന്നതാണ് എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജഏറ്റുമുട്ടലാണെന്ന് കൊല്ലപ്പെട്ട സിപി ജലീലിന്‍റെ സഹോദരന്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

നിലമ്പൂരില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തത്. 
എന്നാൽ എല്ലാവരേയും കൊന്ന് ഈ പ്രശ്നത്തിന്പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണം വൈത്തിരി ഏറ്റുമുട്ടലിൽ നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം. 
 

click me!