
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി മക്കളായ ബിനീഷ്, ബിനോയ് എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.
കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ച് തവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.
Also Read: കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു, വിട പറഞ്ഞത് സിപിഎമ്മിലെ അതികായന്‍
ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ ആയി. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്കെത്തി. 90 ൽ ഇപി ജയരാജനെ മറികടന്ന് ജില്ലാ സെക്രട്ടറിയായി. അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല. കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam