'അശാസ്ത്രീയം, കുടുംബ ബജറ്റ് താളം തെറ്റും'; മദ്യവില വര്‍ധനക്കെതിരെ പ്രതിപക്ഷ നേതാവ്

Published : Nov 24, 2022, 05:46 PM IST
'അശാസ്ത്രീയം, കുടുംബ ബജറ്റ് താളം തെറ്റും'; മദ്യവില വര്‍ധനക്കെതിരെ പ്രതിപക്ഷ നേതാവ്

Synopsis

മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മദ്യപിക്കുന്നവര്‍ക്ക് തന്റെ വരുമാനത്തിലൈ നല്ലൊരു ഭാഗം മദ്യത്തിനായി നല്‍കേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും. 

തിരുവനന്തപുരം: മദ്യവില വര്‍ധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. 

മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മദ്യപിക്കുന്നവര്‍ക്ക് തന്റെ വരുമാനത്തിലൈ നല്ലൊരു ഭാഗം മദ്യത്തിനായി നല്‍കേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കി വയ്ക്കുന്ന തുകയില്‍ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും. 

മദ്യ കമ്പനികള്‍ നല്‍കേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ധന കൂടിയാകുമ്പോള്‍ വിദേശ മദ്യത്തിനുള്ള വില്‍പന നികുതി 247 ശതമാനത്തില്‍ നിന്നും 251 ശതമാനമായി വര്‍ധിക്കും. മദ്യ ഉപഭോക്താവിന് ഇരുട്ടടിയാകുന്ന ഈ വര്‍ധനവ് മദ്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഇത് പകല്‍ക്കൊള്ളയാണെന്നതില്‍ തര്‍ക്കമില്ല. വന്‍കിട മദ്യകമ്പനികള്‍ക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകള്‍ തുറക്കുകയും 118 പുതിയ ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വര്‍ധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണ്. 

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് ആറ് രൂപ കൂട്ടാനാണ് തീരുമാനം. ഇതില്‍ 5.02 രൂപ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുമെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. ഏറെക്കാലമായി നഷ്ടം സഹിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇത് ചെറിയൊരു ആശ്വാസമാകും. കര്‍ഷകര്‍ക്ക് അഞ്ച് രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധനവിന്റെ അധികഭാരം സാധാരണക്കാരന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാണിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും: മന്ത്രി കെ. രാജന്‍
'സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ നേതാവല്ലേ സിനഡ് യോഗം ചേർന്നപ്പോൾ തിണ്ണ നിരങ്ങിയത്', സതീശനെതിരെ സുകുമാരൻ നായരും; 'സമുദായ ഐക്യം അനിവാര്യം'