'എവിടെ വച്ച്, എപ്പോഴാണ് ഞാൻ ജെയ്കിനെ അങ്ങനെ പറഞ്ഞത്? അത് തെളിയിക്കണം'; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് സതീശൻ

Published : Aug 18, 2023, 09:34 PM ISTUpdated : Aug 18, 2023, 09:35 PM IST
'എവിടെ വച്ച്, എപ്പോഴാണ് ഞാൻ ജെയ്കിനെ അങ്ങനെ പറഞ്ഞത്? അത് തെളിയിക്കണം'; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് സതീശൻ

Synopsis

. കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സി പി എം നേതാക്കളുടെ ഗണത്തിൽ ഐസക്കിനെ കൂട്ടിയിരുന്നില്ലെന്നും എന്നാൽ ഇന്നത്തെ പോസ്റ്റ് അക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടാക്കുന്നതാണെന്നും സതീശൻ

തിരുവനന്തപുരം: പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ നാലാം കിട നേതാവ് എന്ന് വിളിച്ചെന്ന ആരോപണത്തിൽ തോമസ് ഐസക്കിനോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ജെയ്കിനെ നാലാംകിട നേതാവെന്ന് താൻ വിളിച്ചത് എവിടെ വച്ചാണെന്നും എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും സതീശൻ ചോദിച്ചു. ഈ ആരോപണം തോമസ് ഐസക്ക് തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സി പി എം നേതാക്കളുടെ ഗണത്തിൽ ഐസക്കിനെ കൂട്ടിയിരുന്നില്ലെന്നും എന്നാൽ ഇന്നത്തെ പോസ്റ്റ് അക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടാക്കുന്നതാണെന്നും സതീശൻ പറഞ്ഞു.

ജെയ്കിനെ നാലാംകിട നേതാവെന്ന് വിളിക്കുന്നതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത്? ചോദ്യവുമായി ഐസക്ക്

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

പ്രിയപ്പെട്ട ശ്രീ തോമസ് ഐസക്,

നാല്‌ മണിക്കൂർ മുൻപ് അങ്ങ് ഫേസ്ബുക്കിൽ പറഞ്ഞത് കണ്ടു. ജയ്ക്ക് സി തോമസിനെ ഞാൻ നാലാം കിട നേതാവെന്ന് വിളിച്ചതായാണ് അങ്ങയുടെ ആരോപണം. ഒരേ ഒരു ചോദ്യം എവിടെ വച്ച്, എപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്? തോമസ് ഐസക് അത് തെളിയിക്കണം.
കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സി.പി.എം നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അങ്ങയെ ആ ഗണത്തിൽ കൂട്ടിയിരുന്നില്ല. ഡോക്ടറുടെ  ഇന്നത്തെ പോസ്റ്റ് എനിക്ക് വീണ്ടുവിചാരം ഉണ്ടാക്കുന്നു.
രാഷ്ട്രീയ മത്സരങ്ങളിൽ എതിരാളികൾ ബഹുമാനം അർഹിക്കുന്നവരാണ്. അതാണ് കോൺഗ്രസിന്റെ സമീപനവും പാരമ്പര്യവും. തെരെഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏത് വിഷയവും ഞങ്ങൾ ഉന്നയിക്കും. ഒന്നൊഴികെ, വ്യക്തിഹത്യ. CPM ന് എന്നും  ശീലമുളളത്  വ്യക്തിഹത്യയാണ്. ഉമ്മൻ ചാണ്ടി അടക്കം നിരവധി ഉദാഹരണങ്ങൾ ഉണ്ടെങ്കിലും ഞാൻ എണ്ണി പറയുന്നില്ല.
ഞാൻ പറഞ്ഞത് എന്താണ്? ബഹുമാന്യനായ തോമസ് ഐസക് കേട്ടത് എന്താണ്? ഇനി മാതൃഭൂമി ന്യൂസിൽ ഞാൻ നൽകിയ അഭിമുഖമാണ് അങ്ങയുടെ പോസ്റ്റിന് ആധാരമെങ്കിൽ അത് കണ്ടിട്ട് വേണമായിരുന്നു പ്രതികരിക്കാൻ.
(ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുന്ന സ്വഭാവം അങ്ങേയ്ക്ക് ഇല്ലാത്തതാണ് , ഇപ്പോൾ എന്തെ ഇങ്ങനെ...)

ഞാൻ പറഞ്ഞത് വാക്കുകളിൽ റിപ്പോർട്ട് ചെയ്തപ്പോൾ മാതൃഭൂമിക്ക് പിഴവ് പറ്റി. അവർ അത് തിരുത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ( വീഡിയോ ചുവടെ ചേർക്കുന്നു ). ഇത് കണ്ട ശേഷം പോസ്റ്റ് പിൻവലിക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇനിയെങ്കിലും പ്രതികരിക്കുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന് ആദരവോടെ അഭ്യർഥിക്കുന്നു.

ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് അങ്ങയുടെ ഒടുവിലത്തെ ആരോപണം. ചിരിക്കാതെ എന്ത് ചെയ്യും?
അങ്ങയുടെ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് ഞാൻ ചെയ്തത്. ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്ന അങ്ങയുടെ പരാമർശം കണ്ടു. ഇക്കാര്യം താങ്കളുടെ പാർട്ടിയുടെ പി.ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി  വിജയനോടാണ് പറയേണ്ടതെന്ന് വിനയപുരസരം പറഞ്ഞുകൊള്ളട്ടെ. 

ഒരു പഴയ കാര്യം കൂടി ഓർമ്മിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കിൽ എന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അയക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതു സമൂഹത്തിന് മുന്നിലുണ്ട്. (ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്ത് നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.)

അങ്ങ് അവസാനം പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. "ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട് "  ശരിയാണ് അവർ എല്ലാം കാണുന്നുണ്ട്.  അവർ എല്ലാം കാണുന്നത് കൊണ്ടാണ് തൃക്കാരയിൽ പ്രതികരിച്ചത്, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതികരിച്ചത്, മട്ടന്നൂർ നഗരസഭയിൽ തോൽവിയോളം പോന്ന ജയം അങ്ങയുടെ പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നത്.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ആരായാലും, പറഞ്ഞത് എന്താണെന്ന് പൂർണ്ണമായും കേൾക്കുകയും മനസിലാകുകയും ചെയ്ത ശേഷം ഇനിയുള്ള അവസരങ്ങളിൽ അങ്ങ്  പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ ശൈലിക്ക് യോജിക്കുന്നതും അതാണ്. താങ്കളുടെ സമീപനത്തെ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഹപ്രവർത്തകന്റെ നിർദ്ദേശമായി മാത്രം കരുതുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു
ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ