സ്വപ്ന സുരേഷിന്‍റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവ് സൈബര്‍ പൊലീസില്‍ പരാതി നല്‍കും

By Web TeamFirst Published Mar 24, 2023, 11:57 AM IST
Highlights

തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്തെ ചിത്രത്തിനൊപ്പം സ്വപ്ന സുരേഷിന്‍റെ ഫോട്ടോ കൂട്ടിച്ചേര്‍ത്താണ് പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത്.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ചിത്രത്തിനൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്തുവെച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യാജ ചിത്രത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്തെ ചിത്രത്തിനൊപ്പം സ്വപ്ന സുരേഷിന്‍റെ ഫോട്ടോ കൂട്ടിച്ചേര്‍ത്താണ് പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും സതീശനും ഒരുമിച്ചുള്ള ഫോട്ടോയിൽ ഉമയ്ക്ക് പകരം സ്വപ്ന സുരേഷിന്റെ ഫോട്ടോ ചേർത്താണ് വ്യാജ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കൈ വിടരുത്, തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം' എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പ്രചരിച്ചത്. ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിഡി സതീശന്‍ വ്യാജ പ്രചാരണത്തിനെതിരെ രംഗത്ത് വന്നത്.  

നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരിലും വ്യാജ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞെന്ന രീതിയിലായിരുന്നു പോസ്റ്റര്‍. എന്നാല്‍ ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും വ്യാജ പോസ്റ്ററാണ് പ്രചരിക്കുന്നതെന്നും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ വ്യക്തമാക്കി.  

Read More :  ഫേസ്ബുക്ക് സുഹൃത്തും കൂട്ടുകാരനും കൂട്ടബലാത്സംഗം ചെയ്തു; വ്യാജ പരാതി, പിൻവലിക്കാൻ 2 ലക്ഷം രൂപ, യുവതി അറസ്റ്റിൽ

click me!