നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; കവാടത്തിൽ പ്രതീകാത്മക സഭ, അടിയന്തരപ്രമേയ അവതരണം

By Web TeamFirst Published Aug 12, 2021, 10:56 AM IST
Highlights

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍  പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അതവരണത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചു. 

തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മക സഭ നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി നോട്ടീസ് അവതരിപ്പിച്ചു. പി ടി തോമസാണ് സഭയ്ക്ക് പുറത്ത് പ്രമേയം അവതരിപ്പിച്ചത്. 'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍  പി ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്.

കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്. കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നൽകിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!