'അണയാത്ത തീ': സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; അക്രമാസക്തം, നിരവധിപ്പേര്‍ക്ക് പരിക്ക്

By Web TeamFirst Published Aug 26, 2020, 12:11 PM IST
Highlights

സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ചു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. 

തിരുവനന്തപുരം/ കണ്ണൂര്‍: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ  പ്രതിഷേധം. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി-യുവമോര്‍ച്ച പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ കളക്ട്രേറ്റിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിന് നേരെ  പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ.പ്രകാശ് ബാബു , ജില്ലാ പ്രസിഡൻ്റ് എൻ ഹരി എന്നിവർ അറസ്റ്റിലാണ്. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ യുത്ത് കോൺഗ്രസും പ്രതിഷേധിക്കുകയാണ്. 

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധവും അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ചു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കൊല്ലം കളക്ട്രേറ്റിലേക്ക് ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. തള്ളിക്കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കൊല്ലം കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. 

കാസർകോട് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൽപ്പറ്റ നഗരത്തിലും ബിജെപി പ്രവർത്തകര്‍ പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പാതയിൽ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

 

click me!