'ഗവർണറുടെ നിലപാട് നിയമവിരുദ്ധം, ചാന്‍സലര്‍ സ്ഥാനത്ത് തുടരണം': പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം

By Web TeamFirst Published Dec 30, 2021, 3:46 PM IST
Highlights

വിസി നിയമനത്തിൽ സർക്കാരിന്‍റെ ചട്ടവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്ന ഗവർണര്‍ ഇപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ വിമർശനം. 

തിരുവനന്തപുരം: സർക്കാർ-ഗവർണര്‍ പോര് മുറുകുന്നതിനിടെ ഗവർണര്‍ക്കെതിരെ (Arif Mohammad Khan) കടുപ്പിച്ച് പ്രതിപക്ഷം (Opposition). കണ്ണൂർ വിസി നിയമന കേസിലെ ഹൈക്കോടതി നോട്ടീസ് സർക്കാരിലേക്ക് കൈമാറി ഗവർണര്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ പ്രതിപക്ഷം ഗവർണര്‍ക്കെതിരെ നിലപാട് ശക്തമാക്കുകയാണ്. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടപ്പോള്‍  ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി ഗവര്‍ണര്‍ അതില്‍ കയ്യൊപ്പ് ചാര്‍ത്തി. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്നും സതീശന്‍ പറഞ്ഞു. 

വിസി നിയമനത്തിൽ സർക്കാരിന്‍റെ ചട്ടവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്ന ഗവർണര്‍ ഇപ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം. ചാൻസലര്‍ സ്ഥാനത്ത് തുടർന്നുകൊണ്ട് രാജ്ഭവന്‍റെ കർശന ഇടപെടലാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറി ഒഴിഞ്ഞ ഗവർണര്‍ കേസിലെ വിവരങ്ങളും നൽകുന്നില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്. വിസിയെ നിയമിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി അയച്ച കത്ത് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഗവർണര്‍ നൽകിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. ഇത് മൂലം ആ‌ർ ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കാൻ കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  

വിസി നിയമനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം ഗവർണര്‍ക്കാണെന്ന നിലപാടിലാണ് സർക്കാരും. നിലവിലെ ചട്ടപ്രകാരം സർവ്വകലാശാലകളുടെ ചാൻസലര്‍ ഗവർണര്‍ തന്നെയാണ്. അത് കൊണ്ട് ചാൻസലര്‍ പദവി ഒഴിയാനാകില്ല. വിസി കേസിൽ എജിയുടെ നിയമോപദേശം തേടിയാകും നോട്ടസിൽ സർക്കാർ തുടർനടപടി സ്വീകരിക്കുക. സർക്കാരും പ്രതിപക്ഷവും ഗവർണറെ ഉത്തരവാദിത്വം ഓ‌മ്മിപ്പിക്കുമ്പോൾ ഗവർണര്‍ക്ക് കുലുക്കമില്ല. നോട്ടീസിന് മറുപടി നൽകിയാൽ ചാൻസലര്‍ സ്ഥാനത്ത് തുടരുന്നുവെന്ന് വരുമെന്നത് കൊണ്ടാണ് നോട്ടീസ് സർക്കാരിലേക്ക് കൈമാറിയുള്ള ഒഴിഞ്ഞുമാറൽ. 

click me!