കെഎസ്ആര്‍ടിസി സ്വിഫ്റ്റ് : ആദ്യ സര്‍വ്വീസ് 11 ന്, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍

Published : Apr 04, 2022, 02:58 PM IST
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് : ആദ്യ സര്‍വ്വീസ് 11 ന്, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍

Synopsis

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയ സാഹചര്യത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത് വൈകി. 

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനി, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ (ksrtc swift)  ഉദ്ഘാടനം പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ബഹിഷ്കരിക്കും. കെഎസ്ആര്‍ടിയുടെ റൂട്ടും സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സും പുതിയ കമ്പനിക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയ സാഹചര്യത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത് വൈകി. കരാര്‍ ജീവനക്കാരുടെ നിയമനവും സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116  ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടിയും ഇതിനകം പൂർത്തിയായി. സ്വിഫ്റ്റ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമില്ലെന്നും കേസിലെ അന്തിമവിധിക്ക് വിധേയമായിരിക്കും സ്ഥാപനത്തിന്‍റെ തുടര്‍നടപടിയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്നത്. 

വരുന്ന തിങ്കഴാള്ച്ച കന്നി സര്‍വ്വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ റൂട്ടും പുതിയ ബസ്സുകളും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറുന്നത് ചട്ടവിരുദ്ധമാണെന്നും നിയമനടപടി തുടരുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി ആഭിമിഖ്യത്തിലുള്ള ടിഡിഎഫും, ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘുമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തുന്നത്. 

ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് അവഗണിച്ച് കെ സ്വിഫ്റ്റുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. 99 പുതിയ ബസ്സുകളില്‍ എട്ട് എസി സ്ളീപ്പര്‍ ബസ്സുകളും 20 സെമി സ്ലീപ്പര്‍ ബസ്സുകളും ഉള്‍പ്പെടുന്നു. ആദ്യ സര്‍വ്വീസ് ബെംഗളൂരുവിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്കുള്ള സർവ്വീസുകളും ആരംഭിക്കും. ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ടെന്ന് പരാതി; വിജയം റദ്ദാക്കണമെന്ന് പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി
സ്കൂളിലെ പെറ്റ് ഷോ: ആനയുമായി കുട്ടി വന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനം വകുപ്പ്, നടപടി എടുത്തേക്കും