നേരത്തെ ജയരാജനെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിച്ചവര്‍ ഇപ്പോള്‍ എം വി ഗോവിന്ദനെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

By Web TeamFirst Published Jun 24, 2019, 12:24 PM IST
Highlights

പി ജയരാജനെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിച്ചവര്‍ ഇപ്പോള്‍ എം വി ഗോവിന്ദനേയും അതിന് ഉപയോഗിക്കുന്നുണ്ട്. അത്തരം ബിംബങ്ങളെ ഉപയോഗിച്ചുളള പ്രചാരണം വിലപ്പോവില്ലന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നിയമസഭയില്‍ ബഹളം. ആന്തൂര്‍ നഗരസഭാ അധ്യക്ഷയെ തള്ളാതെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം പി ജയരാജനെ പ്രവാസി വ്യവസായി കണ്ടതായിരുന്നു ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ എതിർപ്പിന് കാരണമായതെന്ന കെ എം ഷാജി എംഎല്‍എയുടെ വിമര്‍ശനത്തോട് രൂക്ഷമായായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. 

പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കേണ്ടെന്നും അത്തരം ശ്രമങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ബിംബങ്ങളെ ഉപയോഗിച്ചുളള പ്രചാരണം വിലപ്പോവില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ പി ജയരാജനെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിച്ചവര്‍ ഇപ്പോള്‍ എം വി ഗോവിന്ദനേയും അതിന് ഉപയോഗിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ രൂക്ഷമായ പ്രതിഷേധത്തിന്  നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൊണ്ട് മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ നല്‍കി.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് തന്നെ നടപടി തുടങ്ങിയെന്നും പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം ഉണ്ടായില്ല. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി. 

നഗരസഭ കൗൺസിൽ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണൽ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരസഭ സെക്രട്ടറിമാരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 
 

click me!