'സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം, കേന്ദ്രാനുമതിയുമായി വന്നാലും നടപ്പാക്കാന്‍ അനുവദിക്കില്ല'

Published : Dec 08, 2022, 02:54 PM ISTUpdated : Dec 08, 2022, 03:01 PM IST
'സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം, കേന്ദ്രാനുമതിയുമായി വന്നാലും നടപ്പാക്കാന്‍ അനുവദിക്കില്ല'

Synopsis

1221 ഹെക്ടര്‍ ഭൂമി പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കുന്നില്ല.  ജനങ്ങള്‍ വല്ലാത്ത ദുരിതത്തിലാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും , കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച സാഹചര്യത്തില്‍ , വാക്കൗട്ടിനു മുന്നോടിയായി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തുടര്‍ ഭരണം കിട്ടിയതിന്‍റെ  ധാര്‍ഷ്ട്യത്തില്‍ അനുമതികളൊന്നും ഇല്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നല്‍കിയത്. അവസാനം ധാര്‍ഷ്ട്യം പരാജയപ്പെടുകയും വിനയം വിജയിക്കുകയും ചെയ്തു. നിങ്ങള്‍ വിജയിച്ചു പക്ഷെ നാടിന്‍റെ  പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇത് നാടിന്‍റെ  വിജയമാണ്. നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞത്.

റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നെന്ന വാര്‍ത്ത വന്നപ്പോള്‍ റവന്യൂ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷെ ഉദ്യോഗസ്ഥരെയെല്ലാം തിരിച്ചു വിളിച്ചു. 1221 ഹെക്ടര്‍ പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കുന്നില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തെഴുതിയാല്‍ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങള്‍ വല്ലാത്ത ദുരിതത്തിലാണ്. പദ്ധതിയുടെ ഇരുവശങ്ങളിലുമുള്ള ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യില്ല. ഇവിടെ ആദ്യ അഞ്ച് മീറ്ററില്‍ നിര്‍മ്മാണങ്ങളൊന്നും പാടില്ല. ബാക്കി അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രമെ നിര്‍മ്മാണങ്ങള്‍ അനുവദിക്കൂ. ഈ ഭൂവുമകള്‍ക്ക് ഇത് എന്റെ ഭൂമിയാണെന്ന് പറയാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. പദ്ധതിയുടെ 530 കിലോ മീറ്റര്‍ ദൂരത്തലും പത്ത് മീറ്റര്‍ വീതിയില്‍ ഇരുവശത്തും ബഫര്‍ സോണുണ്ട്. ആയിരക്കണക്കിന് ഏക്കറില്‍ ഒന്നും ചെയ്യാനാകാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം.

കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും അനുമതി ഇല്ലാതെ പണം ചെലവഴിക്കരുതെന്ന് ഉത്തരവില്‍ എഴുതി വയ്ക്കുകയും കല്ലിടാനും ഡി.പി.ആറിനും 56 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിക്കുകയും ചെയ്തു. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയോക്കാള്‍ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൊണ്ടു വരുന്നതാണ് കേരളത്തിന് നല്ലത്.പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നില്‍ക്കുന്നവരാണ്. പക്ഷെ കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും കണ്ട് സംസാരിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യും. പദ്ധതി നടപ്പാകില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പക്ഷെ പെട്ടെന്ന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. 2021 ലെ വിജ്ഞാപനം പിന്‍വലിച്ച് പതിനായിരക്കണക്കിന് പാവങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്