തുലാവർഷം ശക്തിപ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

By Web TeamFirst Published Oct 17, 2019, 8:41 PM IST
Highlights

കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്നപ്രദേശങ്ങിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  പൊന്മുടി കല്ലാർ  മേഖലകളിൽ ആറ് മണിക്കൂർ തുടർച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങൾ മുങ്ങി. കല്ലാർ, വാമനപുരം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. 

കിള്ളിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്നപ്രദേശങ്ങിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിലും വെള്ളം കയറി. കണ്ണാടിപൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , പാലക്കാട് ,മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ  രാത്രി 10 വരെ  ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.   മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുമുണ്ട്.


 

click me!