
ഇടുക്കി: മൂന്നാര്‍ ടൗണില്‍ രവീന്ദ്രന്‍ പട്ടയമുണ്ടാക്കി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. നാല് പട്ടയങ്ങള്‍ റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടിക്കെതിരെ ഭൂ ഉടമ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ഇതിന് സമീപത്തുള്ള 11 പട്ടയങ്ങള്‍ പരിശോധിച്ച് റദ്ദ് ചെയ്യാനും ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മൂന്നാർ കെഡിഎച്ച് വില്ലേജിൽ സര്‍വ്വേ നമ്പര്‍ 912 ല്‍പെട്ട ഒന്നരയേക്കർ ഭൂമിയാണ് തിരിച്ച് പിടിക്കുക. സാമൂഹ്യ വനവല്‍ക്കരണം നടത്താന്‍ വനം വകുപ്പ് 40 വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയാണിത്. വനവത്കരണം പാതിവഴിയിൽ നിലച്ചതോടെ സർക്കാർ ഏറ്റെടുത്ത ഭൂമി തിരിച്ച് നൽകണം എന്നാവശ്യപ്പെട്ട് മൂന്‍ ഭൂ ഉടമയായ മൂന്നാർ സ്വദേശി ബിനു പാപ്പച്ചൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 15 രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി മരിയ ദാസ് എന്നയാള്‍ ഭൂമി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഹൈക്കോടതി 2018 ല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതനുസരിച്ച് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് പരിശോധന നടത്തി 2019 ജൂണില്‍ നാല് പട്ടയം റദ്ദു ചെയ്തു. പട്ടയം ലഭിച്ചവര്‍ യഥാര്‍ത്ഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നപടി. ബാക്കിയുള്ള പട്ടയങ്ങളുടെ ഉടമകളെ കണ്ടെത്താന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂ ഉടമയായ മരിയദാസ് അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ജില്ലാ കളക്ടര്‍ നടപടി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കിയത്. ബാക്കി 11 പട്ടയങ്ങളും പരിശോധിച്ച് റദ്ദാക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിപണി വിലയനുസരിച്ച് ഈ ഒന്നരയേക്കർ ഭൂമിയ്ക്ക് 50 കോടിയോളം രൂപ വില വരും. അതുകൊണ്ടു തന്നെ നടപടികള്‍ വേഗത്തിലാക്കാനാണ് ദേവികുളം സബ് കളക്ടറുടെ തീരുമാനം.