യമൻ കൊലപാതകം: വധശിക്ഷയിൽ ഇളവ് വേണമെന്ന് അപേക്ഷ; നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്ന് ഉത്തരവ്

By Web TeamFirst Published Feb 28, 2022, 6:38 AM IST
Highlights

കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.

തിരുവനന്തപുരം: യമനിൽ (Yemen) വധശിക്ഷക്ക് (Death Sentence) വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ (Nimisha Priya) അപ്പീലിൽ ഇന്ന് ഉത്തരവ് പറയും. വധശിക്ഷയിൽ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്ന് കരുതുന്നതായി അഭിഭാഷകൻ പറഞ്ഞു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് നിർണായകമായ കേസിൽ വിധി പ്രസ്താവം. 2017 ൽ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം

വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടിയിരുന്നു
 

click me!