ആരാധനാലയങ്ങൾ തുറക്കാം; ബാങ്കുകൾക്ക് കൂടുതൽ ദിവസം പ്രവർത്തനാനുമതി; ഉപാധികളോടെ പുതിയ ഇളവുകൾ, ഉത്തരവിറങ്ങി

By Web TeamFirst Published Jun 22, 2021, 10:44 PM IST
Highlights

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഉത്തരവുണ്ട്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഉത്തരവുണ്ട്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. 

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാർക്ക് മാത്രമായാണ് ഇളവ് നൽകിയിരിക്കുന്നത്. 

എ, ബി മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാർക്കും ജോലിക്കെത്താൻ അനുവാദമായി. സി വിഭാഗത്തിലുള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്താം. 

കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ച് എ വിഭാ​ഗത്തിൽ (0 മുതൽ 8 ശതമാനം വരെ ടിപിആ‍ർ) 277 പ്ര​ദേശങ്ങളും ബി വിഭാ​ഗത്തിൽ (9 മുതൽ 15 ശതമാനം) 575 പ്രദേശങ്ങളും സി വിഭാഗത്തിൽ (16 മുതൽ 24 ശതമാനം വരെ ടിപിആർ) 171 പ്രദേശങ്ങളും ആണുള്ളത്. 24 ശതമാനത്തിൽ കൂടുതൽ ടിപിആർ ഉള്ള 11 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഈ വേർതിരിവ് അനുസരിച്ചാവും വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.  

തമിഴ്നാട് അതിർത്തിയുടെ ഭാ​ഗമായ തദ്ദേശസ്ഥാപനങ്ങളിലെ  മദ്യഷോപ്പുകൾ ഈ ഘട്ടത്തിൽ അടച്ചിടും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!