'കോടതിവിധി നടപ്പാക്കിത്തരാമെന്ന ഉറപ്പ് ലംഘിച്ചു'; മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന് ഓര്‍ത്തഡോക്സ് സഭ

By Web TeamFirst Published Nov 20, 2019, 8:09 AM IST
Highlights

പറഞ്ഞതെല്ലാം വെള്ളത്തിലെ വരയായെന്നും പിറവത്തെ തർക്കം മുതലാണ് സര്‍ക്കാര്‍ മറുകണ്ടം ചാടിയതെന്നും കാതോലിക്കാ ബാവാ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്ന് ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വീതീയൻ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു. രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സർക്കാരിൽ നിന്ന് പഠിച്ചെന്നും കാതോലിക്കാ ബാവ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ്  ബ്ലാങ്കില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. പറഞ്ഞതെല്ലാം വെള്ളത്തിലെ വരയായെന്നും പിറവത്തെ തർക്കം മുതലാണ് സര്‍ക്കാര്‍ മറുകണ്ടം ചാടിയതെന്നും കാതോലിക്കാ ബാവാ കുറ്റപ്പെടുത്തി. അതേസമയം യാക്കോബായ പ്രക്ഷോഭം സര്‍ക്കാര്‍ ഒത്താശയോടെയന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

നേരത്തേ മലങ്കരപള്ളികളിലെ സെമിത്തേരികളിൽ സംസ്കാരം നടത്താൻ അവകാശം ഉന്നയിച്ച് യാക്കോബായ സഭക്ക് വേണമെങ്കിൽ ഉചിതമായ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലെ തുടര്‍ നടപടികളെല്ലാം 2017 ജൂലായ് 3ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതി പറ‍ഞ്ഞു. 2017ലെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കേസിൽ കൂടുതൽ ഇടപെടൽ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതേതുടര്‍ന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ റിട്ട് ഹര്‍ജി യാക്കോബായ സഭ പിൻവലിച്ചു. സുപ്രീംകോടതി വിധി മറികടന്ന് പള്ളികളിൽ സമാന്തര ഭരണം ഉറപ്പാക്കാനാണ് യാക്കോബായ സഭ ശ്രമക്കുന്നതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വാദിച്ചു. അത്തരം കാര്യങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കേണ്ട സാഹര്യം ഇല്ലെന്ന് കോടതി മറുപടി നൽകി. അതേസമയം സെമിത്തേരികളിൽ സംസ്കാരത്തിനുള്ള അനുമതി തേടി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാനാണ് തീരുമാനമെന്ന് യാക്കോബായ സഭയുടെ അഭിഭാഷകര്‍ അറിയിച്ചു.

click me!