വെട്ടിത്തറ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കി;  ഓർത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

By Web TeamFirst Published Jan 17, 2020, 9:28 AM IST
Highlights

ഓർത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ പള്ളിയിൽ പ്രവേശിച്ചു കുർബാന നടത്തി.  യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്

എറണാകുളം: യാക്കോബായ- ഓർത്തഡോക്സ് സഭാതർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മിഖായേൽ  പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കി. ഓർത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ പള്ളിയിൽ പ്രവേശിച്ചു കുർബാന നടത്തി. ഇടവക സഹ വികാരി സിബി മാത്യുവിന്റെ നേതൃത്വത്തിലാണ്  കുർബാന നടന്നത്. യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നേരത്തെ ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. 

കഴിഞ്ഞദിവസം പള്ളിക്കുള്ളില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ പൊലീസ് ഇടപെട്ട് നീക്കിയശേഷമാണ് പള്ളി നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്. പിന്നാലെ കോതമംഗലം പൊലീസ് ഇന്നലെ താക്കോൽ ഓർത്തഡോക്സ് വികാരിക്ക് കൈമാറി. തുടര്‍ന്ന് ഓർത്തഡോക്സ്  വിഭാഗം ഇന്ന് പള്ളിയിൽ പ്രവേശിച്ചു. 

അതേസമയം സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 1934ലെ മലങ്കര സഭ ഭരണഘടനപ്രാകരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിധിപ്രകാരം പള്ളികള്‍ ഏറ്റെടുത്ത്ഓര്‍ത്തഡോക്സ സഭക്ക‌് കൈമാറി വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചുണ്ട്. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ കത്തു നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെ‍ഞ്ചാണ് കേസ്പരിഗണിക്കുന്നത്.

 

click me!