ഇന്റര്‍നെറ്റിന് പിന്നാലെ ഒടിടി, ജനപ്രിയ സേവനങ്ങളിലേക്ക് കെഫോണ്‍; ഐപിടിവി, സിം തുടങ്ങിയവയും പിന്നാലെ

Published : Feb 26, 2025, 04:20 PM IST
ഇന്റര്‍നെറ്റിന് പിന്നാലെ ഒടിടി, ജനപ്രിയ സേവനങ്ങളിലേക്ക് കെഫോണ്‍; ഐപിടിവി, സിം തുടങ്ങിയവയും പിന്നാലെ

Synopsis

കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണും ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി, ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്ക്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണും ലക്ഷ്യമിടുന്നത്. 

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടിവി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി പ്ലാറ്റ്ഫോം സേവനങ്ങൾ ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ ഫോൺ അധികൃതർ അറിയിച്ചു. ഒ ടി ടിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.  ഐപിടിവി, സിം തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. വരും മാസങ്ങളില്‍ത്തന്നെ അവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്.

നിലവില്‍ 30,438 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ കണക്ടിവിറ്റി സജ്ജമാക്കിക്കഴിഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റുവര്‍ക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 24,080 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 

ഡാര്‍ക് ഫൈബര്‍, ഇന്റര്‍നെറ്റ് ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമുള്ള തുക കണ്ടെത്തുന്നത് ഇവ മുഖേനയാണ്. കൊമേഴ്‌സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 49,773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 5,236 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ 103 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 255 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്.

6307 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ എട്ട് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 80,000 സബ്‌സ്‌ക്രൈബേഴ്‌സാണ് കെഫോണിന് ഉള്ളത്. 3,730 ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ഒരു ലക്ഷം ഉപഭോക്താക്കളെ നേടിയെടുക്കാനും ഈ വര്‍ഷത്തോടെ മൂന്നുലക്ഷം ഉപഭോക്താക്കളെ നേടാനും ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.  

ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് നല്‍കി സ്കൂളിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ ഓട്ടൻതുള്ളൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ