
കേരള രാഷ്ട്രീയത്തിലെ അതികായന്മാർ മാറ്റുരച്ച മണ്ണ്, സാംസ്കാരിക തലസ്ഥാനത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഒറ്റപ്പാലം. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്പോൾ, പഴയ ഇടതുപക്ഷ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ യുഡിഎഫും, അധികാരം നിലനിർത്താൻ എൽഡിഎഫും, നിർണ്ണായക ശക്തിയായി എൻഡിഎയും കളം നിറയുകയാണ്.
കേരള നിയമസഭയിലെ 52-ാം നമ്പർ മണ്ഡലമായ ഒറ്റപ്പാലം, പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ഹൃദയമിടിപ്പാണ്. ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ എട്ട് തദ്ദേശ സ്ഥാപനങ്ങളും ചേരുന്നതാണ് ഈ മണ്ഡലം. പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാഷ്ട്രീയ ചർച്ചകൾ സജീവമാണ്.
2006 മുതൽ സിപിഎം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണിത്. 2016-ൽ പി. ഉണ്ണി യുഡിഎഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനെ 16,088 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇടതുമുന്നണിയുടെ ആധിപത്യം ഉറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ അഡ്വ. കെ. പ്രേംകുമാർ 74,859 വോട്ടുകൾ (46.45%) നേടി മണ്ഡലം നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡോ. പി. സരിൻ 59,707 വോട്ടുകൾ (37.05%) നേടി രണ്ടാമതെത്തി. 15,152 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് പ്രേംകുമാറിന് ലഭിച്ചത്. ബിജെപിയുടെ പി. വേണുഗോപാലും ശക്തമായ മത്സരം കാഴ്ചവെച്ചു.
ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാക്കുന്നത് സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവമാണ്. മൂന്ന് മുന്നണികളും തങ്ങളുടെ കരുത്തരായ പോരാളികളെയാണ് രംഗത്തിറക്കാൻ ഒരുങ്ങുന്നത്. എൽഡിഎഫിനായി അഡ്വ. കെ. പ്രേംകുമാറും, യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി പികെ. ശശിയുമാണ് മത്സരിക്കുന്നത്. മണ്ഡലം കളറാക്കാൻ എൻഡിഎക്ക് വേണ്ടി മേജർ രവിയാണ് മത്സരരംഗത്ത്.
സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ കെ. പ്രേംകുമാറിന് തന്നെയാണ് ഇത്തവണയും സിപിഐഎം മുൻഗണന നൽകുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ ജനകീയ ബന്ധവുമാണ് അദ്ദേഹത്തിന്റെ കരുത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 17,000-ത്തിൽ പരം വോട്ടുകളുടെ ലീഡ് നേടാനായത് ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഒറ്റപ്പാലം പിടിക്കാൻ ഇത്തവണ പികെ ശശി മുൻ നിര്‍ത്തി വലിയ തന്ത്രങ്ങളാണ് യുഡിഎഫ് മെനയുന്നത്. യുഡിഎഫ് സ്ഥാനര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫ് ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായപി.കെ. ശശിക്ക് പിന്തുണ നൽകുകയായിരുന്നു. സിപിഎം വിമത വോട്ടുകൾക്കൊപ്പം യുഡിഎഫ് വോട്ടുകളും കൂടി അക്കൗണ്ടിലെത്തിയ പികെ ശശി എളുപ്പം ജയിച്ചുകയറുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 2,208 വോട്ടുകളുടെ മുൻതൂക്കവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു.
ബിജെപിക്ക് ഏറെ സ്വാധീന മേഖലകളുള്ള ഒറ്റപ്പാലത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മേജർ രവി എത്തുന്നതോടെ മണ്ഡലം ത്രികോണ മത്സരത്തിലേക്ക് നീങ്ങും. സിനിമ-സാംസ്കാരിക മേഖലയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും യുവാക്കൾക്കിടയിലുള്ള സ്വാധീനവും എൻഡിഎയുടെ വോട്ട് വിഹിതം വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. മണ്ഡലം എൽഡിഎഫിന്റേതാണെങ്കിലും ലോക്സഭയിൽ 2,208 വോട്ടിന്റെ മുൻതൂക്കം യുഡിഎഫിന് ലഭിച്ചു. എന്നാൽ മൂന്ന് മാസം മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രം വീണ്ടും മാറി. ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്തും എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലടക്കം മികച്ച വിജയം നേടിയ ഇടതുമുന്നണിക്ക് തദ്ദേശ തലത്തിൽ 17,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ വോട്ടുകൾ നിയമസഭയിലും ഉറപ്പിക്കാനാണ് സിപിഎം നീക്കം.
മണ്ഡലത്തിലെ 2,08,304 വോട്ടർമാരിൽ നിർണ്ണായകമായ ഒരു വിഭാഗം യുവ വോട്ടർമാരാണ്. വികസനം, തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഇവർക്ക് കൃത്യമായ നിലപാടുണ്ട്. കഴിഞ്ഞ തവണ ബിജെപി വോട്ട് വിഹിതം വർദ്ധിപ്പിച്ചത് യുവ വോട്ടർമാരുടെ സ്വാധീനം മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളും ഇത്തവണത്തെ വിജയിയെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. സിനിമകളുടെ ലൊക്കേഷൻ എന്ന നിലയിൽ ലോകപ്രസിദ്ധമായ വരിക്കാശ്ശേരി മനയുടെ ഈ നാട്ടിൽ ഇത്തവണ രാഷ്ട്രീയ ക്ലൈമാക്സ് എങ്ങനെയുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.
ഇടതുപക്ഷത്തിന് തങ്ങളുടെ കോട്ട നിലനിർത്തുക എന്നത് അഭിമാന പ്രശ്നമാണ്. എന്നാൽ, വീണുകിട്ടിയ ലോക്സഭാ മുൻതൂക്കം മുതലാക്കി മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്തുണ്ട്. എൻഡിഎയുടെ സാന്നിധ്യം ആരുടെ വോട്ടുകൾ ചോർത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. 2026-ലെ നിയമസഭാ യുദ്ധത്തിൽ ഒറ്റപ്പാലത്തെ ജനത ആരെ തുണയ്ക്കും? ചരിത്രം ആവര്‍ത്തിക്കുമോ? അതോ മാറ്റത്തിന് വോട്ട് ചെയ്യുമോ? കാത്തിരുന്നു കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam