തിരുവനന്തപുരം ആർസിസിയിൽ ഓക്സിജൻ ക്ഷാമം; ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു

By Web TeamFirst Published May 8, 2021, 6:29 PM IST
Highlights

ആർസിസിയിൽ പ്രതിദിനം അറുപത്തിയഞ്ച് മുതൽ എഴുപത് സിലിണ്ടറുകളാണ് ആവശ്യം. കൊവിഡ് വ്യാപനത്തെ തുടർന്ന് ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ദിവസത്തിൽ ഇരുപതായി കുറഞ്ഞു. ഇന്ന് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിയിരുന്നില്ല. തുടർന്നാണ് എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ആർസിസിയിൽ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു. ചില സ്വകാര്യ ആശുപത്രികളിലും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടുണ്ട്. ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ അറിയിച്ചു

ആർസിസിയിൽ പ്രതിദിനം അറുപത്തിയഞ്ച് മുതൽ എഴുപത് സിലിണ്ടറുകളാണ് ആവശ്യം. കൊവിഡ് വ്യാപനത്തെ തുടർന്ന് ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ദിവസത്തിൽ ഇരുപതായി കുറഞ്ഞു. ഇന്ന് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിയിരുന്നില്ല. തുടർന്നാണ് എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചത്. ചില അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയത്. ഈ സ്ഥിതി തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആർസിസി അധികൃതർ ഡിഎംഒയെ അറിയിച്ചു. 

സ്വകാര്യ ആശുപത്രികളും ഓക്സിജൻ ക്ഷാമം നികത്താൻ സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ വിതരണത്തിലുണ്ടായ ചില പ്രശ്നങ്ങൾ മാത്രമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീചിത്ര മെഡിക്കൽ സെന്ററിലും ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചില ശസ്‍ത്രക്രിയകൾ മാറ്റിവച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ മഹേന്ദ്രഗിരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓക്സിജനില്‍ 40 സിലിണ്ടര്‍ എത്തിച്ചാണ് പ്രശ്നം താൽകാലികമായി പരിഹരിച്ചത് . 

Read more at:  സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കും; പരിഭ്രാന്തിയുടെ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!