സ്ഥാനാർത്ഥിയാകാനുറച്ച് ബിജെപിയിലെത്തിയ പിസി, സുരേന്ദ്രൻ മതിയെന്ന് സർവെ; പത്തനംതിട്ടയിൽ എൻഡിഎക്ക് ആശയക്കുഴപ്പം

Published : Feb 18, 2024, 09:39 AM IST
സ്ഥാനാർത്ഥിയാകാനുറച്ച് ബിജെപിയിലെത്തിയ പിസി, സുരേന്ദ്രൻ മതിയെന്ന് സർവെ; പത്തനംതിട്ടയിൽ എൻഡിഎക്ക് ആശയക്കുഴപ്പം

Synopsis

പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി സി ജോർജ്ജ് ബിജെപി പാളയത്തിലെത്തിയത്. എന്നാൽ അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജ്ജിന് എതിരാണ്

പത്തനംതിട്ട: പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാർത്ഥിയെ സംബന്ധിച്ച് എൻ ഡി എയിൽ ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്‍റെ നി‍ർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ആവശ്യപ്പെട്ടു. പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിനോടുള്ള എതിർപ്പ് ബിഡിജെഎസ് ശക്തമാക്കുകയാണ്. 

എൽഡിഎഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്‍റോ ആന്‍റണിയും തയ്യാറായിക്കഴിഞ്ഞു. എന്നാൽ എൻഡിഎയിൽ അടിമുടി ആശയക്കുഴപ്പമാണ്. ബിജെപി നടത്തിയ അഭിപ്രായ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി. മുതിർന്ന നേതാവ് പി കെ കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. സിപിഎമ്മിലും കോൺഗ്രസ്സിലും പ്രമുഖർ കളത്തിലിറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സർവേയിൽ ഉയർന്നു. മാത്രമല്ല എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. വെള്ളാപ്പള്ളി നടേശൻ പിസിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നിലും ബിഡിജെഎസ് നേതാക്കളുടെ താൽപര്യമാണ്.

പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി സി ജോർജ്ജ് ബിജെപി പാളയത്തിലെത്തിയത്. എന്നാൽ അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജ്ജിന് എതിരാണ്. കോട്ടയം സീറ്റിലേക്ക് പിസിയെ മാറ്റാം എന്ന് കരുതിയാൽ അവിടെയും ബിഡിജെഎസ്സാണ് തടസ്സം. തുഷാർ വെള്ളാപ്പള്ളി തന്നെ കോട്ടയത്ത് മത്സരിക്കാൻ തയ്യാറെടുക്കുന്നു. എന്തായാലും പി സി ജോർജ്ജിന് സീറ്റ് ഉറപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതുവഴികൾ തേടേണ്ടിവരും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്